Friday, February 13, 2009

കലയും കാഴ്ചപ്പാടും

സംഭാഷണം ദ്വൈമാസിക.ജനുവരി 2004
അഭിമുഖം: ഷംസുദ്ദീന്‍ മൂസ
by:ടി.പി.അനില്‍കുമാര്‍, പ്രേം രാജന്‍
അനുഭവങ്ങളുടെ നിറവും രൂപവും

കലയുടെ തുടക്കമെന്നു പറയപ്പെടുന്ന ഗുഹാചിത്രങ്ങളിലെ ആദിമ വരകള്‍ വേട്ട നടത്തി വേട്ടയിറച്ചി തിന്ന് സ്വസ്ഥമായിരിക്കുബ്ബോള്‍ രചിക്കപ്പെട്ടവയാവാം. കലയും ആത്മസാക്ഷാല്‍ക്കാരവുമൊക്കെ വിശപ്പുമാറുബ്ബോഴുണ്ടാവുന്ന ഒരു സംതൃപ്ത്തിയില്‍നിന്നും ഉടലെടുക്കുന്നതുതന്നെ. അടിസ്ഥാനപരമായി നമ്മളിലുണ്ടാവുന്ന ഭാവങ്ങള്‍, പേടി, വേദന, സന്തോഷം തുടങ്ങിയവയൊന്നും എത്ര സംസ്കാരങ്ങള്‍ മാറിയാലും വ്യത്യാസപ്പെടില്ല.
ഭാഷയൊക്കെ ആവിര്‍ഭവിക്കുന്നതിനുമുന്‍പാണ് ഗുഹാചിത്രങ്ങളുടെ കാലം. ഭാഷയേക്കാള്‍ ശക്തമായി ആശയവിനിമയം സാദ്ധ്യമായിരുന്നു ചിത്രങ്ങളിലൂടെ എന്നു തോന്നിയിട്ടുണ്ട്. മറയൂരിലെ ഗുഹാചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. അതില്‍ ലിപികള്‍ ഉള്ളതായി അറിവില്ല. പക്ഷേ പാറകളില്‍ കോറിയിട്ട ഈ രേഖാചിത്രങ്ങള്‍ അവര്‍ പ്രകടിപ്പിച്ചിരുന്നത്, അതുതന്നെയാണ് അവര്‍ പറയുവാനുദ്ദേശിച്ചിരുന്നത്.
സംസ്ക്കാരങ്ങളുടെ തുടക്കത്തില്‍ സ്ഥിരതാമസക്കാര്‍ക്കിടയിലാണ് കൂടുതല്‍ കാലം നിലനില്‍ക്കുന്ന രീതിയിലുള്ള രചനകളുണ്ടായത്. അലച്ചിലുകാരായ അറബികള്‍ക്കിടയില്‍ അത്തരം ചിലത് അപൂര്‍വമായിരുന്നു. അവരുടെ ആവശ്യങ്ങളും വളരെ പരിമിതമായിരുന്നു. വരച്ചും എഴുതിയും വെക്കേണ്ടത് അവര്‍ തലച്ചോറില്‍ സൂക്ഷിച്ചു.
എന്റെ ഒരു സുഡാനി സുഹൃത്തിന് അദ്ദേഹത്തിന്റെ മുന്‍ഗാമികളില്‍ നൂറില്‍ ചില്ല്വാനും പേരുകള്‍ ഓര്‍മ്മയിലുണ്ട്. എനിക്ക് ബാപ്പ, ഉപ്പാപ്പ അങ്ങനെ എത്രതലമുറയുടെ പേരറിയാം?
പുരാതനകാലത്ത്, ഡോക്ക്യുമെന്റ് ചെയ്യപ്പെടും മുന്‍പത്തെ കാലത്ത് കല ജീവിതമായിരുന്നു. പിന്നെ എത്രയോ കഴിഞ്ഞാണ് കലകള്‍ക്ക് നിര്‍വചനങ്ങളുണ്ടാവുന്നത്.അക്കാലത്തും കലാകാരന്മാര്‍ എന്ന ഗണമൊന്നും ഉണ്ടായിരുന്നില്ലല്ലോ. കരകൌശലപ്പണിക്കാര്‍ ഒക്കെയാണ് ഇന്ന് പറയപ്പെടുന്ന കല അന്ന് കൈകാര്യം ചെയ്തിരുന്നത്.
വ്യക്തിഗതമായ രചനകളേക്കാള്‍ ഒരു സംഘത്തിന്റെ രചനയായിരുന്നു മാസ്റ്റേഴ്സിന്റെ കാലത്ത് നടന്നിരുന്നത് എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. എല്ലാ നല്ല വര്‍ക്കുകളുടെ മുന്‍ നിരക്കാരനെ ലോകം അറിയും. ഒരു പ്രധാന ചിത്രകാരന്‍, അയാളുടെ കീഴില്‍ വിദ്ഗ്ധരായ ശിഷ്യന്മാര്‍. പ്രധാന ചിത്രകാരന്‍ സ്കെച്ചുചെയ്തു കൊടുക്കുന്നതിനെ നിറങ്ങളാല്‍ പൂരിപ്പിക്കുകയായിരുന്നു ശിഷ്യന്മാരുടെ ജോലി.
നവോത്ഥാനകാലമായപ്പോള്‍ ഛായാചിത്രങ്ങളുടേതു പോലെയുള്ള വരകളായിരുന്നു തുടക്കത്തില്‍. പക്ഷേ ആ സമയത്തുള്ള ഇന്ത്യന്‍ ചിത്രകലയില്‍ വളരെ കുറഞ്ഞ വിശദാംശങ്ങള്‍കൊണ്ട് കാര്യങ്ങള്‍ വെളിപ്പെടുത്തപ്പെടുമായിരുന്നു. ആനന്ദകുമാര സ്വാമിയാണന്നു തോന്നുന്നു ആദ്യമായി, നമ്മുടെ കല എന്തുകൊണ്ടെല്ലാം വേറീട്ടു നില്‍ക്കുന്നു, എവിടെയെല്ലാം വേറിട്ടുനില്‍ക്കുന്നു എന്ന് വസ്തുതാപരമായി പഠിച്ചിട്ടുള്ളത്. ഇന്ത്യയിലെ മൊത്തം കലാരൂപങ്ങള്‍ പഠിച്ച് യൂറോപ്പിലേതുമായി താരതമ്യം ചെയ്താണ് അദ്ദേഹം അത് സാദ്ധ്യമാക്കിയത്. നവോത്ഥാനം ചിത്രകലയില്‍ മാത്രമല്ലല്ലോ ഉണ്ടായത്. എല്ലാ മേഖലയിലുമുള്ള പരിവര്‍ത്തനത്തിന്റെ ഒരു ഭാഗം മാത്രമാണത്. അതു കൊണ്ടുതന്നെയാണ് ആ ഘട്ടത്തിലെ സംഭവങ്ങള്‍ ഇന്നും നമ്മെ തീവ്രമായ ചിലത് അനുഭവിപ്പിക്കുന്നത്. എല്ലാറ്റിനും അടിസ്ഥാനമായവ കണ്ടുപിടിക്കുവാനുള്ള ഒരു ത്വരയായിരുന്നു അതിനു പിന്നില്‍.
പഴയ മാസ്റ്റേഴ്സിനെപ്പറ്റി പറയുമ്പോള്‍ എല്‍ഗ്രിക്കോയെ ഓര്‍മ്മ വരും.മനുഷ്യന്റെ ശരീരഘടനയെ അനുപാതവ്യതിയാനത്തിലൂടെ റിയലിസത്തിന്റെ മറ്റൊരുതലത്തിലെത്തിക്കുന്ന രീതി.എക്സ്പ്രഷനിസം എന്ന രൂപമുണ്ടായതുതന്നെ ഇദ്ദേഹത്തിലൂടെയാണ്. ക്രിസ്തുവിന്റെ ഒരു ചിത്രമുണ്ട് എല്‍ഗ്രിക്കോയുടേതായിട്ട്. അന്നത്തെ ശാസ്ത്രീയരീതികളൊന്നുമില്ലതെ നമ്മെ സ്തബ്ദ്ധരാക്കുന്ന അനുപാതത്തില്‍ ചെയ്ത ചിത്രം.
ജപ്പാന്‍ ചിത്രകാരന്മാര്‍ക്ക് ചിത്രരചന ജീവിതമായിരുന്നു. വളരെക്കുറച്ച് രേഖകള്‍കൊണ്ട് അവര്‍ ഒരു കിളിയെ വരച്ചു. ലാളിത്യമല്ല മറിച്ച് മിതത്വമാണ് അവര്‍ ചിത്രങ്ങളില്‍ പുലര്‍ത്തിയത്. അനാവശ്യമായി ഒരു കുത്തുപോലും ഉണ്ടാവില്ല. ജാപ്പാനീസ് വുട്കട്ട് രീതി വാന്‍ഗോഗിനെപ്പോലും സ്വാധീനിച്ചിട്ടുണ്ട്. വാന്‍ഗോഗിന്റെ മിക്കവാറും എല്ലാചിത്രങ്ങളിലും ജപ്പാന്‍ വുഡ് കട്ട് പ്രിന്റുകളുടെ പശ്ചാത്തലം കാണാം.
ഒരു കുട്ടി ഒരു വീട് വരക്കുകയാണെങ്കില്‍ നമുക്ക് അതിന്റെ അകവും പുറവും കാണുവാന്‍ കഴിയും. ഒരു കോഴിയെ വരക്കുകയാണെങ്കില്‍ അതു മുട്ടയിടാന്‍ പോകുന്ന കോഴിയാണെങ്കില്‍ എങ്ങനെ വരക്കുമെന്ന് സംശയപ്പെടാതെ കുട്ടി അതിന്റെയുള്ളില്‍ ഒരു മുട്ട വരച്ചു ചേര്‍ക്കും. നമുക്കിതിനൊന്നും കഴിയില്ല. നമ്മള്‍ പരിശീലിപ്പിക്കപ്പെട്ടു കഴിഞ്ഞു. ചെറിയ കുട്ടികള്‍ വരക്കുന്ന രീതി അവലംബിച്ചിട്ടുള്ള ചിത്രകാരനാണ് ഷഗാള്‍. അതിനെ സര്‍റിയലിസ്റ്റ് ചിത്രങ്ങളെന്നു വിളിക്കുവാന്‍ കഴിയില്ലെന്നു തോന്നുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് അബ്സ്റ്റാറാക്ട് ആര്‍ട്ട് വരുന്നത്. കണ്ടിട്ടു മനസ്സിലാവുന്നില്ല, വ്യാജമാണ് എന്നൊക്കെ പറയുമെങ്കിലും ഇത്രയും കാലം അത് നിലനിന്നുവെങ്കില്‍ അതിലെന്തെങ്കിലുമുണ്ടാവണം. കാണുന്ന ആളുടെ സങ്കല്‍പ്പത്തിനിണങ്ങുന്ന, നേര്‍ക്കുനേര്‍ സംവദിക്കുന്ന ദൃശ്യങ്ങളില്ലെങ്കില്‍ അതിനെ മോഢേണ്‍, അബ്സ്റ്ററാക്ട് എന്നൊക്കെ പറഞ്ഞ് തള്ളിക്കളയും. എങ്കിലും കാഴ്ചയുടെ സംസ്കാരത്തില്‍ ഒരു പരിണാമം ഉണ്ടായിട്ടുണ്ട്. പല പഴയ ചിത്രകാരന്മാരുടേയും ഇത്തരം പല രചനകളും പിന്നീട് നല്ല ചിത്രങ്ങളായി തിരിച്ചറിയപ്പെട്ടിട്ടുണ്ട്.
സര്‍റിയലിസ്റ്റിക് രീതിയിലുള്ള രചനകള്‍ പലതും സ്വപ്നങ്ങളെ നിര്‍വ്വചിക്കുകയാണെന്നു പറയുന്നതൊക്കെ വ്യാജമാണന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല. അക്കാലത്തെ ശാസ്ത്രവികാസവുമായും ഇതിന് ബന്ധമുണ്ട്. ഫ്രോയിഡ്, കാള്യൂങ് തുടങ്ങിയവരുടെ സിദ്ധാന്തങ്ങള്‍ ഒക്കെ സര്‍റിയലിസ്റ്റ് ചിത്രകാരന്‍മാരെ സ്വാധീനിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ദാലിയുടെ രചനാശൈലി; തിരിച്ചറിയാവുന്ന രൂപങ്ങളും മറ്റും സധാരണ അനുപാതത്തിലല്ലങ്കിലും അവിടെത്തന്നെയുണ്ട്, അതിന്റെ ഒത്തുചേരലിലാണ്....
കുടയും തയ്യല്‍ മെഷീനും ഓപ്പറേഷന്‍ ടേബിളില്‍ ആകസ്മികമായി സന്ധിക്കുന്നതുപോലെ....എന്നൊക്കെ പറയുബ്ബോള്‍ ഉണ്ടാവുന്ന ഒരു വിഭ്രമം....അത്.
സര്‍റിയലിസത്തിനു സാധിച്ചിരുന്ന പലതും ഇന്നു വളരെ നിസ്സരമാണ്. വിദഗ്ധനായ ഒരു കമ്പ്യൂട്ടര്‍ ആര്‍ട്ടിസ്റ്റിന് എഡിറ്റിംഗ് സൊഫ്റ്റ്വെയെര്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഫലപ്രദമായി ഇതൊക്കെ ഇന്നു ചെയ്യന്‍ കഴിയുന്നുണ്ട്.
ഇന്നിപ്പോള്‍ വാന്‍ഗോഗ് അല്ലെങ്കില്‍ ഡാവിഞ്ചി പുനര്‍ജ്ജനിച്ചാല്‍ അവരെന്താവും ചെയ്യുന്നുണ്ടാകുക? ഡാവിഞ്ചി മൈക്രൊസൊഫ്റ്റില്‍ ജോലി ചെയ്യുന്ന ഒരു വിദഗ്ധനായിരിക്കും. ഡാവിഞ്ചിയുടെ രചനകളീല്‍ കല, ശാസ്ത്രം, സാങ്കേതികത എല്ലാം ഒന്നായിട്ടാണ് തോന്നുന്നത്. കലയെ സാങ്കേതികത പിന്‍താങ്ങുന്നുണ്ട്. ഫ്ലൈയിങ്ങ് മെഷീനൊക്കെ ഡാവിഞ്ചി വരച്ചു കഴിഞ്ഞതാണ്. പിന്നെത്ര കാലം വേണ്ടിവന്നു ആകാശത്ത് യന്ത്രങ്ങള്‍ പറക്കുവാന്‍.
സംഗീതവുമായി വളരെയധികം ബ്ന്ധപ്പെട്ടാണ് ഇന്ത്യന്‍ രീതിയുടെ കിടപ്പ്. ഭാവപ്രധാനമായ ഹിന്ദുസ്ഥാനി സംഗീതം ഇന്ത്യന്‍ ചിത്രകലയിലും ദര്‍ശിക്കാനാവും നമുക്ക്. ഉത്തരേന്ത്യയിലെ മിനിയേച്ചര്‍ പെയിന്റിംഗില്‍ ഒരോ ഭാവവും രാഗവും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. പേര്‍ഷ്യന്‍ സംസ്കാരത്തിലും കാണാം മിനിയേച്ചര്‍ പെയിന്റിംഗുകള്‍. നമ്മുടെ ഗോത്ര സംസ്കാരത്തിലുമുണ്ട് വറളിചിത്രങ്ങളൊക്കെ. ചാണകം കൊണ്ടാണ് അവ എഴുതുന്ന്. ഇതൊക്കെ എത്ര പേര്‍ തിരിച്ചറിയുന്നു എന്നതാണ് പ്രശ്നം. മലയാളിക്ക് ഒരിക്കലും ചിത്രകല ആസ്വദിക്കുവാനായിട്ടില്ല.ചിത്രങ്ങളും ശില്പങ്ങളുമെല്ലാം ചെറുകൂട്ടങ്ങളുടെ മാത്രം കാഴ്ചകളില്‍ ഒതുങ്ങി നിന്നു. ഇപ്പോഴും അങ്ങനെയൊക്കെത്തന്നെ.
കലയുടെ യാഥാസ്ഥിതിക സങ്കല്‍പങ്ങളൊക്കെ എന്നേ തകര്‍ന്നു വീണീട്ടുണ്ട്. ഇപ്പോള്‍ ഇന്‍സ്റ്റലേഷന്‍ ഒക്കെ വന്നു. തകര്‍ക്കപ്പെടുക എന്നത് ശരിക്കും പോസിട്ടീവ് ആണ്. ഒരു തരം അരാജകത്വം. നമ്മളൊക്കെ ആ കാലത്തിനകത്തായതിനാല്‍ ഒരു സമഗ്രത കിട്ടുന്നില്ല. കൃത്യമായി നോക്കുവാനും ആകുന്നില്ല. നില്‍ക്കുന്ന ഇടത്തിന്റെ പരിമിതികളും ഉണ്ട്. വീട്ടു വാതിലിന്റെ വീതി മുപ്പത് ഇന്‍ചായതിനാല്‍ ശില്‍പം ഇരുപത്തൊബ്ബതര ഇഞ്ചാക്കേണ്ടി വരും. എന്നാലും ശില്‍പ്പങ്ങള്‍ ചെയ്യുവാന്‍ കഴിയുന്നുണ്ട്.

1 comment:

Shamsudhin Moosa said...

കലയുടെ യാഥാസ്ഥിതിക സങ്കല്‍പങ്ങളൊക്കെ എന്നേ തകര്‍ന്നു വീണീട്ടുണ്ട്.