Thursday, August 6, 2009

ചിതലിയിലെ കാളപൂട്ടൂ മത്സരം : Cattle race of Kerala


ഒരു ഊട്ടി യാത്ര കഴിഞ്ഞുള്ള മടക്കത്തിലായിരുന്നു ഞങ്ങള്‍. പാലക്കാട് കഴിഞ്ഞ് തൃശ്ശൂര്‍ക്കുള്ള വഴിയിലൂടെ യാത്ര തുടരുമ്പോള്‍ റോഡ് സൈഡില്‍ ഒരാള്‍ക്കൂട്ടം. സ്ഥലം ചിതലി. ഇറങ്ങി നോക്കി, കാളയോട്ട മത്സരമാണ്.ഓണത്തിന് നടക്കാനിരിക്കുന്ന മഹാമത്സരത്തിന്റെ മുന്നോടിയായി എല്ലാ ഞായരാഴ്ചകളിലും നടക്കുന്ന പരിശീലനം.
കണ്ടില്ലേ എന്ത് ഉത്സാഹമാണവര്‍ക്ക്.
കര്‍ഷകന്റെ മണ്ണിനോടും പ്രകൃതിയോടുമുള്ള ഈ ഉത്സാഹത്തിമിര്‍പ്പിനെ, ജന്തുക്കളോട് ക്രൂരത കാണിക്കുന്നു എന്ന് പറഞ്ഞ് മുടക്കാന്‍ ശ്രമിക്കുന്നതു കാണുമ്പോള്‍ നേരിയ ഒരു വിഷമം....

ശരിയാണ്, സ്പെയിനിന്റെ സ്വന്തം എന്നു തന്നെ വിശേഷിപ്പിക്കവുന്ന കാളപ്പോര് ക്രൂരത തന്നെയാ‍ണ്, തടവിലാക്കപ്പെട്ട ഒരു മൃഗത്തിനെ, വിറളി പിടിപ്പിച്ച് ഒരു കളി തിമര്‍ക്കുന്നു, അവസാനം ആ പാവം മൃഗം മരിച്ചു വീഴുന്നവരെ !!

മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കേണ്ടതു തന്നെ. അതിനൊരു തര്‍ക്കവുമില്ല. പക്ഷേ, കേരളത്തിന്റെ നെല്ലറയായ പാലക്കാടിന്റെ ഈ ആഘോഷത്തെ, അതിന്റെ നൈര്‍മല്യത്തെ കാണാന്‍ കഴിയാത്ത വിദ്യ നേടിയ മലയാളി, എന്തുകൊണ്ടാണ് ഇതിനെ എതിര്‍ക്കുന്നത്?

കാക്കൂറിലെ മരമടി മത്സരം മുടക്കുവാന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വരെ പോകാന്‍ മടിക്കാത്ത മൃഗസ്നേഹികള്‍!


Sunday, May 3, 2009

സമാന്തര പ്രപഞ്ചങ്ങള്‍ - തുടര്‍ച്ച


ഊര്‍ജ്ജകണവാദം (quantummechanics)ശരിയാണെന്നു തെളിയിക്കപ്പെട്ടിട്ടുള്ളതുകൊണ്ട്, അതിന്റെ പ്രധാനപ്പെട്ട ഉള്‍ക്കാഴ്ച്ചയായ സമാന്തര പ്രപഞ്ചസിദ്ധാന്തവും ശരിയെന്നു അംഗീകരിക്കേണ്ടി വരും!

ശാസ്ത്രലോകത്തുപോലും നാം പ്രധാനപ്പെട്ട പല ശാസ്ത്ര ഉള്‍ക്കാഴ്ച്ചകളെയും ആദ്യം അവഗണിക്കും ,പിന്നീട് രൂ‍ക്ഷമായി വിമര്‍ശിക്കും. അവസാനം നിവൃത്തിയില്ലാതെ വരുമ്പോള്‍ വളരെ പ്രശസ്തമെന്നു പറഞ്ഞ് വീണ്ടും മാറ്റിവെക്കും. ഹ്യൂഗ് എവറെറ്റിന്റെ ബഹുപ്രപഞ്ച തിയറിക്ക് സംഭവിച്ചതും ഇതു തന്നെയല്ലെ?

1957- ല്‍ പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയില്‍ ജോണ്‍ ആര്‍ച്ചിബാള്‍ഡ് വീലറിനു കീഴില്‍, ബിരുദ പഠനകാലത്ത് അവതരിപ്പിച്ച ‘ഊര്‍ജ്ജകണവാദത്തിന്റെ ബഹുപ്രപഞ്ച വ്യാഖ്യാനം” എന്ന പ്രപന്ധം 52 വര്‍ഷത്തിനുശേഷവും ശസ്ത്രലോകത്തെ ആകമാനം ഉലക്കുകയാണ്. ജോണ്‍ വീലര്‍ അന്ന് അത് മാറ്റി വെച്ചില്ലായിരുന്നു എങ്കില്‍ ഇന്ന് നമ്മുടെ യാഥാര്‍ഥ്യ സങ്കല്‍പ്പം തന്നെ മാറുമായിരുന്നില്ലെ?!

ഊര്‍ജ്ജകണവാദം പ്രപഞ്ചത്തിന്റെ അവസ്ഥയെ നിര്‍വചിക്കുന്നത് ക്ലാസ്സിക്കല്‍ രീതിയിലല്ല.( അതായത്, കണികകളുടെ വേഗത, സ്ഥാനം എന്നിവയുടെ അടിസ്ഥാനത്തില്‍), മറിച്ച് നിരന്തരമായി പരിണമിക്കുന്ന wave function എന്ന അമൂര്‍ത്ത ഗണിത രൂപത്തില്‍ അധിഷ്ഠിതമാണത്.

“വേവ് ഫങ്ഷന്‍” എന്ന ഈ ഗണിതരൂപം സമയം എന്ന മാനത്തില്‍ തികച്ചും നിയതമായ ഗതിയില്‍ പരിണമിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ നിയതം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാരണം നാം സമാന്യമായി ഊര്‍ജ്ജകണവാദത്തെ മനസ്സിലാക്കുന്നത്, അതില്‍ അന്തര്‍ലീനമായിരിക്കുന്ന ആകസ്മികത,അനിശ്ചിതത്വം എന്നിവയെ അടിസ്ഥാനമാക്കിയാണ്.എന്നാല്‍ വേവ് ഫങ്ഷന്‍ ഇതള്‍ വിടര്‍ത്തുന്നതില്‍ യാതൊരു യാദൃശ്ചികതയോ, അനിശ്ചിതത്വമോ ഇല്ല തന്നെ! അത് പൂര്‍ണതയിലേക്ക് അഭിന്നമായി മുന്നേറുന്നു. ഇത് അനന്ത മാനങ്ങളുള്ള “ ഹില്‍ബെര്‍ട്ട് സ്പേസ്”എന്ന അമൂര്‍ത്ത സ്ഥലരാശിയിലേക്കാണ് വിലയിക്കുന്നത്! പക്ഷേ പല‍പ്പോഴും നമുക്ക് അനുഭവവേദ്യമായ ലോകാനുഭവങ്ങളുമായി ഒരു തരം സംഘട്ടനത്തിലാണ് ഈ വേവ് ഫങ്ഷന്‍ എന്നു കാണാം. സധാരണ യുക്തിക്ക് യോജിക്കാത്ത പലതും ഇതു മുന്നോട്ടു വെക്കുന്നുണ്ട്.

ഉദാഹരനത്തിനു “ഷോഡിങ്ഗറുടെ പൂച്ച” എന്ന പ്രതിഭാസത്തെ എടുക്കുക. നിരീക്ഷണവേദിക്ക് മറുപുറമുള്ള ഒരു പൂച്ച ഒരേ സമയം മരിച്ചും ജീവിച്ചും ആണ് ഇരിക്കുന്നതെന്ന് അനുമാനിക്കപ്പെടുന്നു. Super position എന്ന ഈ ഇരട്ട യാഥാര്‍ഥ്യത്തെ നമ്മുടെ യുക്തിയും സഹജാവബോധവും എങ്ങനെയാണ് ഉള്‍ക്കൊള്ളുക. യാഥാര്‍ഥ്യത്തിന്റെ സ്വഭാവം ചെറിയ അളവിലെങ്കിലും ഉള്‍ക്കൊള്ളുവാന്‍ മനുഷ്യമനസ്സിന് സാധിക്കുന്നുണ്ടെങ്കില്‍ അതിന് നിദാനമായിരിക്കുന്നത് ഗണിതശാസ്ത്രം, ഊര്‍ജ്ജതന്ത്രവിചാരം എന്നിവ നല്‍കുന്ന ധാരണകളാണ്.

രണ്ട് അവസ്ഥകള്‍ ഒരേസമയം ഒന്നിനുമീതെ ഒന്നായി ഇരിക്കുന്ന (super position od states) ഈ വിചിത്ര ശാസ്ത്ര സങ്കല്‍പ്പം ഉള്‍ക്കൊള്ളുക അല്‍പ്പം ബുദ്ധിമുട്ടു തന്നെ. ഈ പ്രതിസന്ധി മറികടക്കുവാനാണ് 1920ല്‍ “കോപ്പന്‍ ഹേഗന്‍ തിയറി“ എന്നറിയപ്പെടുന്ന ഒരു വിചിത്രമായ ഏച്ചുകെട്ടല്‍ വേണ്ടി വന്നത്. വിശദമാക്കാം: ഒരാള്‍ ഒരു നിരീക്ഷണം നടത്തുമ്പോള്‍ വേവ് ഫങ്ഷന്‍ ചുരുങ്ങി ഒരു ക്ലാസ്സിക്കല്‍ യാഥാര്‍ഥ്യം സംവേദനവേദ്യമാകും എന്ന വിശദീകരണം. പക്ഷേ, ഈ ശാസ്ത്രഞ്ന്മാര്‍ക്ക് wave function collapse എങ്ങനെ ഉണ്ടാവുന്നു എന്ന് ഗണിതസിദ്ധാന്തത്തില്‍ അധിഷ്ഠിതമായിസര്‍ത്ഥിക്കുവാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് ഏച്ചുകെട്ടല്‍ എന്ന് നേരത്തെ സൂചിപ്പിച്ചത്. എന്താണ് നിരീക്ഷണം (observation) എന്നതുപോലും വിശദീകരിക്കുവാന്‍ സാധിക്കുന്ന ഒരു ഗണിത സൂത്രവാക്യം ആര്‍ക്കും വശമല്ല.

എവറെറ്റിന്റെ സിദ്ധാന്തത്തിന്റെ പ്രസക്തി ഇവിടെയാണ്. ഇയാളുടെ സിദ്ധാന്തം വളരെ ലളിതമാണ് പക്ഷേ അതിന്റെ വ്യംഗ്യം അതി സങ്കീര്‍ണവും. എവറെറ്റിന്റെ സിദ്ധാന്തം പറയുന്നത്, ഷോഡിങ്ഗറുടെ വേവ് ഫങ്ഷന്‍ സമവാക്യം എപ്പോഴും ശരിയാണെന്നുതന്നെയാണ്. അതായത് വേവ് ഫങ്ഷന്‍ ഒരിക്കലും ചുരുങ്ങുന്നില്ല എന്ന്.

ഇത് പ്രവചിക്കുന്നത് - ഒരു ക്ലാസ്സിക്കല്‍ യാഥാര്‍ഥ്യത്തെ വിവരിക്കുന്ന ഒരു വേവ് ഫങ്ഷന്‍ ക്രമേണ പരിണമിച്ച് വേറൊരു വേവ് ഫങ്ഷനില്‍ എത്തുകയും അത് ഇത്തരത്തിലുള്ള വേറെ ക്ലാസ്സിക്കല്‍ യാഥാര്‍ഥ്യങ്ങളുടെ പല അടരുകള്‍ ഉണ്ടാക്കുകയും ചെയ്യും എന്നാണ്. ഇതാണ് ബഹുപ്രപഞ്ചങ്ങള്‍( സമാന്തരലോകങ്ങള്‍)

പക്ഷേ, ഒരോ ഉരുത്തിരിഞ്ഞ ലോകത്തിലേയും നിരീക്ഷകര്‍ അവരവരുടെ ലോകത്തെ മാത്രം ഗ്രഹിക്കുകയും അത് അവരുടെ സംഭാവ്യതാസാധ്യതാസിദ്ധാന്തം നിര്‍വചിക്കുന്ന തരത്തിലുള്ള വെറുമൊരു ആകസ്മികതയായി ഗണിക്കുകയും ചെയ്യും......


തുടരും.....

(വേറെ എവിടെയോ ഇത് തുടരുന്നുണ്ട്...!)

ഒരു F A Q ഇവിടെ ഞെക്കുക

Sunday, April 5, 2009

സമാന്തര പ്രപഞ്ചങ്ങള്‍

ഈ ബളോഗ് വായിക്കുന്ന നിങ്ങളുടെ വേറൊരു പകര്‍പ്പ് ഉണ്ടോ..?! നിങ്ങളല്ല, പക്ഷേ നിങ്ങളുടെ എല്ലാ അനുഭവങ്ങളും ഓര്‍മ്മകളും ഉള്ള വേറൊരാള്‍ !ഈ കക്ഷിയുടെ ജീവിതവും നിങ്ങളുടേത് പോലെ ആയിരുന്നു.ഈ അപരന്‍ ഈ കുറിപ്പ് വായിച്ചു മുഴുമിപ്പിക്കാതെ വേറേതെങ്കിലും പ്രവര്‍ത്തിയില്‍ വ്യാപൃതനാകുമായിരിക്കും; നിങ്ങള്‍ ഈ വായന തുടരുകയും ചെയ്യും. ഈ അപരനും ഭൂമിയെന്നു പേരുള്ള ഒരു ഗ്രഹത്തില്‍ സൂര്യനെന്നു പേരുള്ള നക്ഷത്രത്തെ വലം വെയ്ക്കുകയായിരിക്കും.

ലഹരി മരുന്നിന്റെ ഉപയോഗത്താല്‍ വിഭ്രാന്മക അനുഭൂതികളിലേക്ക് ആണ്ടുപോകുന്ന ഒരാളുടെ അനുഭവ പ്രപഞ്ചമല്ലിത്.വിചിത്രവും അസംഭാവ്യവുമായി തോന്നാമെങ്കിലും ആധുനിക ശാസ്ത്രം പറയുന്നത് ഇതാണ്.പ്രപഞ്ച ഘടനാ ശാസ്ത്രം ഇതിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. ഏറ്റവും ലളിതവും പരക്കെ അംഗീകരിക്കപ്പെട്ടതുമായ പ്രപഞ്ച മാതൃക പറയുന്നത് നിങ്ങളുടെ ഈ അപരന്‍ 10^10^28മീറ്റര്‍ (10 to the power of 10 to the power of 28) അകലത്തിലുള്ള വേറൊരു ജോഡി ഗാലക്സിയില്‍ ഉണ്ട് എന്നു തന്നെയാണ്.

ഇത് ഒരു വന്‍ അകലം തന്നെ ആണെങ്കിലും ഇതൊരു അയഥാര്‍ത്ത സങ്കല്‍പ്പമോ, നിങ്ങളുടെ അപരന്‍ ഒരു സങ്കല്‍പ്പ സൃഷ്ടിയോ അല്ല. സംഭാവ്യതാസാധ്യതാ സിദ്ധാന്തത്തിന്റെ (Elementery probablity തിയറിയുടെ )വളരെ സൂക്ഷ്മവും വ്യക്തവുമായ ഒരു നിഗമനം.

ആ‍ധുനിക ജ്യോതിശാസ്ത്ര കണക്കുകള്‍ പറയുന്നത് സ്പേസ് അനന്തമാണെന്നാണ്.അതില്‍ ദ്രവ്യത്തിന്റെ വ്യാപീകരണം ഒരേ പോലെയാണന്നും.അനന്തമായ സ്ഥല രാശിയില്‍ ഏതൊരു അസാദ്ധ്യമായ സംഭവം പോലും എവിടെയെങ്കിലും നടന്നിരിക്കുമെന്നാണ്. അങ്ങ് മനുഷ്യവാസ യോഗ്യമായ അനന്തം ഗ്രഹങ്ങളും അവയില്‍ നിങ്ങളെപ്പോലെ തന്നെ ,അതേ പേരില്‍ അതേ ഒര്‍മ്മകളോടെ, അനേകം വ്യക്തികള്‍ നിങ്ങളുടെ ജീവിതരാശിയിലെ എല്ലാ സാധ്യതകളുടേയും (every permutation of your life choices) വേഷങ്ങള്‍ ആടി ജീവിക്കുന്നുണ്ടാകണം.

നിങ്ങളൊരിക്കലും നിങ്ങളുടെ അപരനെ കണ്ടുമുട്ടാനിടയില്ല.നമ്മുടെ ദൃഷ്ടിക്ക് കാണാനാവുന്നതിന്റെ ഏറ്റവും കൂടിയ അകലങ്ങള്‍ ഇപ്പോള്‍ കണക്കാക്കപ്പെടുന്നത്, 4 x 10^26 മീറ്ററാണ് (4 x 10 to the power of 26 mts). ഇത് പ്രപഞ്ച്ചൊല്‍‍പ്പത്തിയുടെ തുടക്കമായ അതിവികാസത്തിന് ( Big Bang) ശേഷമുള്ള പതിനാല് ബില്യന്‍ വര്‍ഷങ്ങള്‍ കൊണ്ട് പ്രകാശ കണിക ആകെ സഞ്ചരിച്ച ദൂരമാണ്.ഇതാണ് നമുക്ക് അനുഭവവേദ്യമായ പ്രപഞ്ചം.അപ്പോള്‍ നാം പറയുന്ന അപരന്റെ ലോകവും ഇതേ അളവുകളില്‍ ഇതുപോലെ തന്നെ പരിണമിച്ചുണ്ടായ ഒരു ലോകമാണ്. ഇതാണ് സങ്കല്‍പ്പിക്കാവുന്നതില്‍ ഏറ്റവും ലളിതമായ ഒരു സമാന്തര പ്രപഞ്ചം.ഒരോ പ്രപഞ്ചവും ആത്യന്തികമായി ബഹുപ്രപഞ്ചത്തിന്റെ ചെറു അംശം മാത്രം.

ഇങ്ങനെയുള്ള ഒരു സങ്കല്‍പ്പം വെറും അതിഭൌതികവാദമാണ് എന്ന് വിചാരിച്ചേക്കരുത്. അതിഭൌതികമോ ഭൌതികമോ എന്നത്, അത് എത്രമാത്രം വിചിത്രമാണെന്നുള്ളതല്ല, മറിച്ച് ആശയം പരീക്ഷണ- നിരീക്ഷണ വിധേയമാക്കാമോ എന്നുള്ളതാ‍ണ്.ശാസ്ത്രത്തിന്റെ അതിരുകള്‍ ക്രമേണ വികസിച്ച് ഒരുകാലത്ത് അതി ഭൌതിക സങ്കല്‍പ്പം എന്ന് വിവക്ഷിച്ചിരുന്ന പല ആശയങ്ങളേയും ഉള്‍ക്കൊള്ളുകയുണ്ടായി. ഉദാഹരണങ്ങള്‍ അനവധി: ഉരുണ്ട ഭൂമി, വര്‍ത്തുളമായ സ്ഥലസങ്കല്‍പ്പം, പ്രകാശവേഗത്തൊടടുക്കുമ്പോള്‍ സമയം ക്രമേണ ചുരുങ്ങുന്നത് (time slow down), ക്വാണ്ടം സൂപ്പര്‍ പൊസിഷന്‍സ്, തമോ ഗര്‍ത്തങ്ങള്‍ (black holes) എന്നിവ. അടുത്ത കാലത്തായി ബഹുപ്രപഞ്ച-സമാന്തര പ്രപഞ്ച ആശയങ്ങളും ഈ പട്ടികയില്‍ വന്നു ചേര്‍ന്നു എന്നു കാണാം. ഇവ, പരീക്ഷണ വിധേയമായിക്കഴിഞ്ഞ ആപേക്ഷികതാ സിദ്ധാന്തം, ഊര്‍ജകണ വാദം ( quantum theory) എന്നിവയില്‍ അധിഷ്ഠിതമാണ്.
നാലു തരത്തിലുള്ള ബഹു പ്രപഞ്ചങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ ശാസ്ത്രം പറയുന്നത്. സമാന്തരപ്രപഞ്ചങ്ങള്‍ ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല, മറിച്ച് എത്ര തലത്തിലുള്ള സമാന്തര പ്രപഞ്ചങ്ങള്‍ ഉണ്ട് എന്നുള്ളതാണ് ഇപ്പോള്‍ ശാസ്ത്രത്തെ അലട്ടുന്നത്.

തുടരും....!

Thursday, March 26, 2009

നീല വെളിച്ചം : moon lit mindscape


ഈ ഇരട്ട പെയിന്റിങ്ങുകളെക്കുറിച്ച് എന്തെഴുതാന്‍. ഒരു ചിത്രത്തില്‍ പല ചെറു ചിത്രങ്ങള്‍, അതില്‍ പിന്നെ ചെറു ചിത്രങ്ങള്‍....കാഴ്ച്ചകള്‍. അങ്ങനെ പല അടുക്കുകളിലായാണ് ഇതിന്റെ കാഴ്ച്ചവട്ടം.അനന്തമാണ് സാദ്ധ്യതകള്‍ എന്നു തോന്നുമെങ്കിലും ഉരുത്തിരിഞ്ഞു വരുന്മ്പോഴേക്കും ഇത് ഇങ്ങനയേ ആവുകയുള്ളു എന്നു തോന്നിപ്പിക്കും. വളരെ deterministic ആയ എന്തോ ഒന്ന്. ഇതിനെ മറികടക്കുവാന്‍ ആവുന്നവര്‍ ഉണ്ടാവുമായിരിക്കും. എന്റെ പരിമിതി ഇതാണ്.

ആരാണ് ഞാന്‍ (നാം) ?! എന്റെ എല്ലാ ഓര്‍മ്മകളും, അനുഭവങ്ങളും, ചിന്തകളും, വികാരങ്ങളും, ആധികളും, ആകുലതകളും ആകെക്കൂടി ചേര്‍ത്തെഴുതിയാല്‍ ഒരു ഗിഗാബൈറ്റ് കാണുമായിരിക്കും. മനുഷ്യജാതിയുടെ-human genome-മൊത്തം വലിപ്പം ഒരു ഗിഗാബൈറ്റ് അറിവേ (information content) കാണൂ..! അപ്പോള്‍ മൊത്തം പ്രപഞ്ചത്തിന്റെ എത്ര ? ചിന്തകള്‍ ഈ വഴിക്കും ആവാം...അപ്പോള്‍ നമ്മുടെ ഈ പ്രപഞ്ചം ഒരു ചെറു കണിക മാത്രമാവുന്ന അനന്ത പ്രപഞ്ച സങ്കല്‍പ്പത്തില്‍ നാം എവിടെ നില്‍ക്കുന്നു..! ഈ മായാപ്രപഞ്ച സങ്കല്‍പ്പത്തില്‍ നാമും....നമ്മുടെ........
തുടക്കം ഈ സ്കെച്ച്......!

Friday, March 13, 2009

Name your Mother : A tribute to your Mothers

How many of us actually reveal the names of our mothers?In all the different cultures and ethnicities, the identity of the mother remains hidden although mother is the only parent that we can be sure of.We come through our mothers.Well, our mother has to tell us who our father is! Despite all these biological advantages it is queer why she suffers in asserting her historical stamp.This should change. Every one of us ,male or female, mostly fail to give our mothers her due right.

Dear friends, let us give back our mothers her true legacy. She deserves it more than anything.
Let the equation be balanced right. Just like the formula for Water is H2O so shall be 'Walter = Hana + Osman'.Henceforth we shall be known by our mother's name followed by our father's name.

Let her not remain in the murky shadow of history and let her not fade in to oblivion.
Kick start this humanitarian movement in this digital age.

If you believe in this please sign up and write your name with your mother's name included where ever possible.Isnt it more scientific and human.

Shamsudhin Chithu Moosa.

Sunday, March 1, 2009

സുഹറ


“സുഹ്റായുടെ ഭാവം പെട്ടെന്നു മാറിപ്പോയി. ഉള്ളില്‍ ഒരു പുതിയ വെളിച്ചം; മുഖത്തു രക്തപ്രസാദവും കണ്ണുകള്‍ക്കു തിളക്കവും. ചുരുണ്ട മുടി നടുവേ വകഞ്ഞ്, ചെവി മൂടി ഭംഗിയായി കെട്ടിവച്ച് അവള്‍ നടക്കും.”

‘പ്രിയപ്പെട്ട മകന്‍ മജീദ് വായിച്ചറിയാന്‍ സ്വന്തം ഉമ്മാ എഴുതുന്നത്:
‘മിനിയാന്നു വെളുപ്പിനു നമ്മുടെ സുഹറാ മരിച്ചു. അവളുടെ വീട്ടില്‍ക്കിടന്ന്; എന്റെ മടിയില്‍ തലവെച്ച്. പള്ളിപ്പറമ്പില്‍ അവളുടെ ബാപ്പയുടെ കബറിനരുകിലാണ് സുഹറായെ മറവു ചെയ്തിരിക്കുന്നത്.’

‘മരിക്കുന്നതിനു മുമ്പു നിന്റെ പേരു പറഞ്ഞു. നീ വന്നോ എന്നു പല തവണ ചോദിച്ചു.’

അന്ന്...മജീദ് യാത്ര പറഞ്ഞ് ഇറങ്ങാന്‍ തുടങ്ങുകയായിരുന്നു. സുഹറാ എന്തോ പറയുവാന്‍ ആരംഭിച്ചു. മുഴുമിക്കുന്നതിനു മുമ്പ്................
‘പറയാന്‍ തുടങ്ങിയത് അപ്പോഴും അവളുടെ മനസ്സിലുണ്ടായിരുന്നിരിക്കണം.
എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്റാ പറയാന്‍ തുടങ്ങിയത്?’

ചിത്രം വരക്കുമ്പോള്‍ സുഹറയോ ബാല്യകാല സഖിയോ മനസ്സില്‍ ഉണ്ടായിരുന്നില്ലാ. വരഞ്ഞ് വരഞ്ഞു വന്നപ്പോള്‍ മനസ്സിലായി ബഷീര്‍ അബോധ മനസില്‍ എപ്പോഴും ഉണ്ടായിരുന്നു എന്ന്...!
“ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തിയ ഒരേട്, വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു....”എന്ന് എം.പി.പോളിനെ ക്കൊണ്ട് എഴുതിപ്പിച്ച ഒരു അനുഭവ വിസ്മയം...!

Thursday, February 19, 2009

ചൂണ്ട


വിജയന്‍, ശിശുപാലന്‍ ചേട്ടന്‍, മണിച്ചേട്ടന്‍ എന്നിവരോടൊത്ത് ചെമ്പകശ്ശേരി കടവിലും ഇടയപ്പുറം പാടത്തും ചൂണ്ടയിടാന്‍ പോകുന്നത് ഓര്‍ക്കുന്നു. ശവക്കോട്ടയുടെ പുറകിലുള്ള പാടത്ത് തവളകളുടേയും ചീവീടുകളുടേയും ശബ്ദം, പാടത്തെ ചെളിയില്‍ പൂണ്ട കാല്‍ വലിക്കുമ്പോള്‍ വരുന്ന ശബ്ദം, മണം...ഇടവഴിയിരുവശങ്ങളിലുമുള്ള മുളങ്കൂട്ടത്തില്‍ നിന്നും ...ഊമന്റേയും, മുളയുരയുന്നതിന്റേയും ശബ്ദം... ഇരയിടാനായി ചേമ്പുപറിച്ച് വേരില്‍ കുടുങ്ങിയ ഞാഞ്ഞൂളുകളെ ചിരട്ടയില്‍ കരുതി അവരുടെ കൂടെ. വിജയന്‍ ചേട്ടന്‍ ബീടി ആഞ്ഞുവലിച്ചതിന്‍ വെട്ടത്തില്‍ ചൂണ്ടക്കൊളുത്തില്‍ ടങ്കീസു കെട്ടുന്നത്...!
പിന്നീട്, നേരം വെളുക്കുന്നതിനു മുന്‍പ് ഈര്‍ക്കിലിയില്‍ കോര്‍ത്ത മൂഷി, വരാല്‍ എന്നിവയുമായി ശിശുപാലന്‍ ചേട്ടന്‍ മുന്‍പേ ഓടും....
വിജയന്‍ ചേട്ടന്‍, ചെളിയിന്‍ വരമ്പ് തീര്‍ക്കുന്നവന്‍. കോരുന്ന ഓരോ തൂമ്പാച്ചെളിയും വരമ്പിലേറ്റി രണ്ടു കണ്ടത്തിലേയും വെള്ളം രണ്ടുവിതാനത്തില്‍ നിര്‍ത്തുന്നവന്‍. തേമ്പി, തേച്ചുപിടിപ്പിക്കുന്ന ഓരോ അടര്‍ ചെളിയും...പകുതി മുങ്ങിക്കിടക്കുന്ന ജലവ്യാളിയുടെ ചെതുമ്പലാക്കുന്നവന്‍...
ഉച്ചവെയിലില്‍ തിളങ്ങും- തെന്നും വരമ്പിലൂടെ പെരുവിരല്‍ ആഴ്ത്തി നടക്കുന്നവന്‍.
പാലറ്റു നൈഫുകൊണ്ട് എണ്ണച്ചായത്തില്‍ എങ്ങനെ തേച്ചു പിടിപ്പിച്ചാലാണ് അതു പോലൊന്ന് വരയ്ക്കാനാവുക..?!

Wednesday, February 18, 2009

സര്‍പ്പശാപം

2007-ല്‍ വരച്ച ഈ ചിത്രം അനിലിന്റെ വരികളുമായി ചേര്‍ത്തു വായിക്കാം, അല്ലാതെയും.
സര്‍പ്പശാപം

തായമ്പക പഠിപ്പിക്കുന്നത് കാണാന്‍
ശേഖരേട്ടന്റെ വീട്ടില്‍ പോകുമ്പോഴാണ്
കണ്ടത്
വൈകുന്നേരത്തിന്റെ വെളിച്ചത്തില്‍
കശുമാവിന്‍വേരുകളെന്നു തോന്നി

കാവിനരികിലെ ഇടവഴിയില്‍
വളര്‍ന്ന പൂവാംകുരുന്നിലയ്ക്കും
കുറുന്തോട്ടിപ്പടര്‍പ്പിനുമിടയില്‍
പാതിയുടല്‍ പിരിഞ്ഞ
ഇണസര്‍പ്പങ്ങള്‍

കൈകളില്ലാതെ പുണരുക എങ്ങനെയെന്ന്
അവ കാണിച്ചു തന്നു

ഉരഗംപോല്‍ ഉടല്‍ വഴക്കമുള്ള കാപ്പിരി പെണ്ണുങ്ങള്‍
പിന്നീട് ആ ഓര്‍മ്മ കൊണ്ടുവന്നിട്ടുണ്ട്
അരയില്‍ നിന്ന് ഊരിയെടുക്കുമ്പോള്‍
ബെല്‍റ്റ് ഇണയെത്തിരയുന്നുവെന്ന്
തോന്നിയിട്ടുണ്ട്

കാലനക്കം കേട്ടാവണം
രതിയുടെ പകുതിയില്‍
ഇഴപിരിയും ഊഞ്ഞാല്‍ പോലെ
ഇണപിരിഞ്ഞ്
അവ രണ്ടു വഴിയ്ക്ക് ഇഴഞ്ഞുപോയി
വലത്തോട്ട് പോയത് പെണ്‍സര്‍പ്പമായിരുന്നോ?
ഒന്നു തിരിഞ്ഞു നിന്നതെന്തിന്?

പത്തി വിടര്‍ത്തി രോഷത്തോടെ ചീറ്റി
മഞ്ഞളും പൂവുമണിഞ്ഞ
ചിത്രകൂടക്കല്ലുകള്‍‍ക്കിടയില്‍
അത് മറഞ്ഞു

ഇണയുടെ ഉടലിന്റെ ചൂടറിയും മുന്‍പ്
എപ്പോഴും നീ ചുറ്റഴിഞ്ഞെറിയപ്പെടട്ടേയെന്ന്
പ്രാകുകയായിരുന്നോ?

ടി.പി.അനില്‍കുമാര്‍
Friday, February 13, 2009

കലയും കാഴ്ചപ്പാടും

സംഭാഷണം ദ്വൈമാസിക.ജനുവരി 2004
അഭിമുഖം: ഷംസുദ്ദീന്‍ മൂസ
by:ടി.പി.അനില്‍കുമാര്‍, പ്രേം രാജന്‍
അനുഭവങ്ങളുടെ നിറവും രൂപവും

കലയുടെ തുടക്കമെന്നു പറയപ്പെടുന്ന ഗുഹാചിത്രങ്ങളിലെ ആദിമ വരകള്‍ വേട്ട നടത്തി വേട്ടയിറച്ചി തിന്ന് സ്വസ്ഥമായിരിക്കുബ്ബോള്‍ രചിക്കപ്പെട്ടവയാവാം. കലയും ആത്മസാക്ഷാല്‍ക്കാരവുമൊക്കെ വിശപ്പുമാറുബ്ബോഴുണ്ടാവുന്ന ഒരു സംതൃപ്ത്തിയില്‍നിന്നും ഉടലെടുക്കുന്നതുതന്നെ. അടിസ്ഥാനപരമായി നമ്മളിലുണ്ടാവുന്ന ഭാവങ്ങള്‍, പേടി, വേദന, സന്തോഷം തുടങ്ങിയവയൊന്നും എത്ര സംസ്കാരങ്ങള്‍ മാറിയാലും വ്യത്യാസപ്പെടില്ല.
ഭാഷയൊക്കെ ആവിര്‍ഭവിക്കുന്നതിനുമുന്‍പാണ് ഗുഹാചിത്രങ്ങളുടെ കാലം. ഭാഷയേക്കാള്‍ ശക്തമായി ആശയവിനിമയം സാദ്ധ്യമായിരുന്നു ചിത്രങ്ങളിലൂടെ എന്നു തോന്നിയിട്ടുണ്ട്. മറയൂരിലെ ഗുഹാചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. അതില്‍ ലിപികള്‍ ഉള്ളതായി അറിവില്ല. പക്ഷേ പാറകളില്‍ കോറിയിട്ട ഈ രേഖാചിത്രങ്ങള്‍ അവര്‍ പ്രകടിപ്പിച്ചിരുന്നത്, അതുതന്നെയാണ് അവര്‍ പറയുവാനുദ്ദേശിച്ചിരുന്നത്.
സംസ്ക്കാരങ്ങളുടെ തുടക്കത്തില്‍ സ്ഥിരതാമസക്കാര്‍ക്കിടയിലാണ് കൂടുതല്‍ കാലം നിലനില്‍ക്കുന്ന രീതിയിലുള്ള രചനകളുണ്ടായത്. അലച്ചിലുകാരായ അറബികള്‍ക്കിടയില്‍ അത്തരം ചിലത് അപൂര്‍വമായിരുന്നു. അവരുടെ ആവശ്യങ്ങളും വളരെ പരിമിതമായിരുന്നു. വരച്ചും എഴുതിയും വെക്കേണ്ടത് അവര്‍ തലച്ചോറില്‍ സൂക്ഷിച്ചു.
എന്റെ ഒരു സുഡാനി സുഹൃത്തിന് അദ്ദേഹത്തിന്റെ മുന്‍ഗാമികളില്‍ നൂറില്‍ ചില്ല്വാനും പേരുകള്‍ ഓര്‍മ്മയിലുണ്ട്. എനിക്ക് ബാപ്പ, ഉപ്പാപ്പ അങ്ങനെ എത്രതലമുറയുടെ പേരറിയാം?
പുരാതനകാലത്ത്, ഡോക്ക്യുമെന്റ് ചെയ്യപ്പെടും മുന്‍പത്തെ കാലത്ത് കല ജീവിതമായിരുന്നു. പിന്നെ എത്രയോ കഴിഞ്ഞാണ് കലകള്‍ക്ക് നിര്‍വചനങ്ങളുണ്ടാവുന്നത്.അക്കാലത്തും കലാകാരന്മാര്‍ എന്ന ഗണമൊന്നും ഉണ്ടായിരുന്നില്ലല്ലോ. കരകൌശലപ്പണിക്കാര്‍ ഒക്കെയാണ് ഇന്ന് പറയപ്പെടുന്ന കല അന്ന് കൈകാര്യം ചെയ്തിരുന്നത്.
വ്യക്തിഗതമായ രചനകളേക്കാള്‍ ഒരു സംഘത്തിന്റെ രചനയായിരുന്നു മാസ്റ്റേഴ്സിന്റെ കാലത്ത് നടന്നിരുന്നത് എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. എല്ലാ നല്ല വര്‍ക്കുകളുടെ മുന്‍ നിരക്കാരനെ ലോകം അറിയും. ഒരു പ്രധാന ചിത്രകാരന്‍, അയാളുടെ കീഴില്‍ വിദ്ഗ്ധരായ ശിഷ്യന്മാര്‍. പ്രധാന ചിത്രകാരന്‍ സ്കെച്ചുചെയ്തു കൊടുക്കുന്നതിനെ നിറങ്ങളാല്‍ പൂരിപ്പിക്കുകയായിരുന്നു ശിഷ്യന്മാരുടെ ജോലി.
നവോത്ഥാനകാലമായപ്പോള്‍ ഛായാചിത്രങ്ങളുടേതു പോലെയുള്ള വരകളായിരുന്നു തുടക്കത്തില്‍. പക്ഷേ ആ സമയത്തുള്ള ഇന്ത്യന്‍ ചിത്രകലയില്‍ വളരെ കുറഞ്ഞ വിശദാംശങ്ങള്‍കൊണ്ട് കാര്യങ്ങള്‍ വെളിപ്പെടുത്തപ്പെടുമായിരുന്നു. ആനന്ദകുമാര സ്വാമിയാണന്നു തോന്നുന്നു ആദ്യമായി, നമ്മുടെ കല എന്തുകൊണ്ടെല്ലാം വേറീട്ടു നില്‍ക്കുന്നു, എവിടെയെല്ലാം വേറിട്ടുനില്‍ക്കുന്നു എന്ന് വസ്തുതാപരമായി പഠിച്ചിട്ടുള്ളത്. ഇന്ത്യയിലെ മൊത്തം കലാരൂപങ്ങള്‍ പഠിച്ച് യൂറോപ്പിലേതുമായി താരതമ്യം ചെയ്താണ് അദ്ദേഹം അത് സാദ്ധ്യമാക്കിയത്. നവോത്ഥാനം ചിത്രകലയില്‍ മാത്രമല്ലല്ലോ ഉണ്ടായത്. എല്ലാ മേഖലയിലുമുള്ള പരിവര്‍ത്തനത്തിന്റെ ഒരു ഭാഗം മാത്രമാണത്. അതു കൊണ്ടുതന്നെയാണ് ആ ഘട്ടത്തിലെ സംഭവങ്ങള്‍ ഇന്നും നമ്മെ തീവ്രമായ ചിലത് അനുഭവിപ്പിക്കുന്നത്. എല്ലാറ്റിനും അടിസ്ഥാനമായവ കണ്ടുപിടിക്കുവാനുള്ള ഒരു ത്വരയായിരുന്നു അതിനു പിന്നില്‍.
പഴയ മാസ്റ്റേഴ്സിനെപ്പറ്റി പറയുമ്പോള്‍ എല്‍ഗ്രിക്കോയെ ഓര്‍മ്മ വരും.മനുഷ്യന്റെ ശരീരഘടനയെ അനുപാതവ്യതിയാനത്തിലൂടെ റിയലിസത്തിന്റെ മറ്റൊരുതലത്തിലെത്തിക്കുന്ന രീതി.എക്സ്പ്രഷനിസം എന്ന രൂപമുണ്ടായതുതന്നെ ഇദ്ദേഹത്തിലൂടെയാണ്. ക്രിസ്തുവിന്റെ ഒരു ചിത്രമുണ്ട് എല്‍ഗ്രിക്കോയുടേതായിട്ട്. അന്നത്തെ ശാസ്ത്രീയരീതികളൊന്നുമില്ലതെ നമ്മെ സ്തബ്ദ്ധരാക്കുന്ന അനുപാതത്തില്‍ ചെയ്ത ചിത്രം.
ജപ്പാന്‍ ചിത്രകാരന്മാര്‍ക്ക് ചിത്രരചന ജീവിതമായിരുന്നു. വളരെക്കുറച്ച് രേഖകള്‍കൊണ്ട് അവര്‍ ഒരു കിളിയെ വരച്ചു. ലാളിത്യമല്ല മറിച്ച് മിതത്വമാണ് അവര്‍ ചിത്രങ്ങളില്‍ പുലര്‍ത്തിയത്. അനാവശ്യമായി ഒരു കുത്തുപോലും ഉണ്ടാവില്ല. ജാപ്പാനീസ് വുട്കട്ട് രീതി വാന്‍ഗോഗിനെപ്പോലും സ്വാധീനിച്ചിട്ടുണ്ട്. വാന്‍ഗോഗിന്റെ മിക്കവാറും എല്ലാചിത്രങ്ങളിലും ജപ്പാന്‍ വുഡ് കട്ട് പ്രിന്റുകളുടെ പശ്ചാത്തലം കാണാം.
ഒരു കുട്ടി ഒരു വീട് വരക്കുകയാണെങ്കില്‍ നമുക്ക് അതിന്റെ അകവും പുറവും കാണുവാന്‍ കഴിയും. ഒരു കോഴിയെ വരക്കുകയാണെങ്കില്‍ അതു മുട്ടയിടാന്‍ പോകുന്ന കോഴിയാണെങ്കില്‍ എങ്ങനെ വരക്കുമെന്ന് സംശയപ്പെടാതെ കുട്ടി അതിന്റെയുള്ളില്‍ ഒരു മുട്ട വരച്ചു ചേര്‍ക്കും. നമുക്കിതിനൊന്നും കഴിയില്ല. നമ്മള്‍ പരിശീലിപ്പിക്കപ്പെട്ടു കഴിഞ്ഞു. ചെറിയ കുട്ടികള്‍ വരക്കുന്ന രീതി അവലംബിച്ചിട്ടുള്ള ചിത്രകാരനാണ് ഷഗാള്‍. അതിനെ സര്‍റിയലിസ്റ്റ് ചിത്രങ്ങളെന്നു വിളിക്കുവാന്‍ കഴിയില്ലെന്നു തോന്നുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് അബ്സ്റ്റാറാക്ട് ആര്‍ട്ട് വരുന്നത്. കണ്ടിട്ടു മനസ്സിലാവുന്നില്ല, വ്യാജമാണ് എന്നൊക്കെ പറയുമെങ്കിലും ഇത്രയും കാലം അത് നിലനിന്നുവെങ്കില്‍ അതിലെന്തെങ്കിലുമുണ്ടാവണം. കാണുന്ന ആളുടെ സങ്കല്‍പ്പത്തിനിണങ്ങുന്ന, നേര്‍ക്കുനേര്‍ സംവദിക്കുന്ന ദൃശ്യങ്ങളില്ലെങ്കില്‍ അതിനെ മോഢേണ്‍, അബ്സ്റ്ററാക്ട് എന്നൊക്കെ പറഞ്ഞ് തള്ളിക്കളയും. എങ്കിലും കാഴ്ചയുടെ സംസ്കാരത്തില്‍ ഒരു പരിണാമം ഉണ്ടായിട്ടുണ്ട്. പല പഴയ ചിത്രകാരന്മാരുടേയും ഇത്തരം പല രചനകളും പിന്നീട് നല്ല ചിത്രങ്ങളായി തിരിച്ചറിയപ്പെട്ടിട്ടുണ്ട്.
സര്‍റിയലിസ്റ്റിക് രീതിയിലുള്ള രചനകള്‍ പലതും സ്വപ്നങ്ങളെ നിര്‍വ്വചിക്കുകയാണെന്നു പറയുന്നതൊക്കെ വ്യാജമാണന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല. അക്കാലത്തെ ശാസ്ത്രവികാസവുമായും ഇതിന് ബന്ധമുണ്ട്. ഫ്രോയിഡ്, കാള്യൂങ് തുടങ്ങിയവരുടെ സിദ്ധാന്തങ്ങള്‍ ഒക്കെ സര്‍റിയലിസ്റ്റ് ചിത്രകാരന്‍മാരെ സ്വാധീനിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ദാലിയുടെ രചനാശൈലി; തിരിച്ചറിയാവുന്ന രൂപങ്ങളും മറ്റും സധാരണ അനുപാതത്തിലല്ലങ്കിലും അവിടെത്തന്നെയുണ്ട്, അതിന്റെ ഒത്തുചേരലിലാണ്....
കുടയും തയ്യല്‍ മെഷീനും ഓപ്പറേഷന്‍ ടേബിളില്‍ ആകസ്മികമായി സന്ധിക്കുന്നതുപോലെ....എന്നൊക്കെ പറയുബ്ബോള്‍ ഉണ്ടാവുന്ന ഒരു വിഭ്രമം....അത്.
സര്‍റിയലിസത്തിനു സാധിച്ചിരുന്ന പലതും ഇന്നു വളരെ നിസ്സരമാണ്. വിദഗ്ധനായ ഒരു കമ്പ്യൂട്ടര്‍ ആര്‍ട്ടിസ്റ്റിന് എഡിറ്റിംഗ് സൊഫ്റ്റ്വെയെര്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഫലപ്രദമായി ഇതൊക്കെ ഇന്നു ചെയ്യന്‍ കഴിയുന്നുണ്ട്.
ഇന്നിപ്പോള്‍ വാന്‍ഗോഗ് അല്ലെങ്കില്‍ ഡാവിഞ്ചി പുനര്‍ജ്ജനിച്ചാല്‍ അവരെന്താവും ചെയ്യുന്നുണ്ടാകുക? ഡാവിഞ്ചി മൈക്രൊസൊഫ്റ്റില്‍ ജോലി ചെയ്യുന്ന ഒരു വിദഗ്ധനായിരിക്കും. ഡാവിഞ്ചിയുടെ രചനകളീല്‍ കല, ശാസ്ത്രം, സാങ്കേതികത എല്ലാം ഒന്നായിട്ടാണ് തോന്നുന്നത്. കലയെ സാങ്കേതികത പിന്‍താങ്ങുന്നുണ്ട്. ഫ്ലൈയിങ്ങ് മെഷീനൊക്കെ ഡാവിഞ്ചി വരച്ചു കഴിഞ്ഞതാണ്. പിന്നെത്ര കാലം വേണ്ടിവന്നു ആകാശത്ത് യന്ത്രങ്ങള്‍ പറക്കുവാന്‍.
സംഗീതവുമായി വളരെയധികം ബ്ന്ധപ്പെട്ടാണ് ഇന്ത്യന്‍ രീതിയുടെ കിടപ്പ്. ഭാവപ്രധാനമായ ഹിന്ദുസ്ഥാനി സംഗീതം ഇന്ത്യന്‍ ചിത്രകലയിലും ദര്‍ശിക്കാനാവും നമുക്ക്. ഉത്തരേന്ത്യയിലെ മിനിയേച്ചര്‍ പെയിന്റിംഗില്‍ ഒരോ ഭാവവും രാഗവും ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. പേര്‍ഷ്യന്‍ സംസ്കാരത്തിലും കാണാം മിനിയേച്ചര്‍ പെയിന്റിംഗുകള്‍. നമ്മുടെ ഗോത്ര സംസ്കാരത്തിലുമുണ്ട് വറളിചിത്രങ്ങളൊക്കെ. ചാണകം കൊണ്ടാണ് അവ എഴുതുന്ന്. ഇതൊക്കെ എത്ര പേര്‍ തിരിച്ചറിയുന്നു എന്നതാണ് പ്രശ്നം. മലയാളിക്ക് ഒരിക്കലും ചിത്രകല ആസ്വദിക്കുവാനായിട്ടില്ല.ചിത്രങ്ങളും ശില്പങ്ങളുമെല്ലാം ചെറുകൂട്ടങ്ങളുടെ മാത്രം കാഴ്ചകളില്‍ ഒതുങ്ങി നിന്നു. ഇപ്പോഴും അങ്ങനെയൊക്കെത്തന്നെ.
കലയുടെ യാഥാസ്ഥിതിക സങ്കല്‍പങ്ങളൊക്കെ എന്നേ തകര്‍ന്നു വീണീട്ടുണ്ട്. ഇപ്പോള്‍ ഇന്‍സ്റ്റലേഷന്‍ ഒക്കെ വന്നു. തകര്‍ക്കപ്പെടുക എന്നത് ശരിക്കും പോസിട്ടീവ് ആണ്. ഒരു തരം അരാജകത്വം. നമ്മളൊക്കെ ആ കാലത്തിനകത്തായതിനാല്‍ ഒരു സമഗ്രത കിട്ടുന്നില്ല. കൃത്യമായി നോക്കുവാനും ആകുന്നില്ല. നില്‍ക്കുന്ന ഇടത്തിന്റെ പരിമിതികളും ഉണ്ട്. വീട്ടു വാതിലിന്റെ വീതി മുപ്പത് ഇന്‍ചായതിനാല്‍ ശില്‍പം ഇരുപത്തൊബ്ബതര ഇഞ്ചാക്കേണ്ടി വരും. എന്നാലും ശില്‍പ്പങ്ങള്‍ ചെയ്യുവാന്‍ കഴിയുന്നുണ്ട്.

Portrait of an artist

IT'S SUNDAY, NOVEMBER 20, 2005

EVENING POST

Portrait of an artist as a visual sculptor

Nazeem Beegum
Sharjah

Shifting from mathematical patterns to sublime creativity, Shamsudeen Moosa’s works demand world’s attention for its intricate design and the artistic plunge. An artist who does not want to be a part of any school or click or genre Moosa simply infuses his intellectual as well as creative thoughts into his work. A man of multitudinous talents who is against the glorification of art craves for the ways to find the absoluteness.

The unsettled mind of Moosa does not fathom man- made dimensions. So going far above the dimensions he pursues for absoluteness which in turn take the shapes of paint- ings, sculptures, photographs and even brain teasers. Searching for hyper dimension he tries to multiverse the universe in an intellectual way mixed with aestheticism. And it becomes difficult to niche him as an artist or a brainee for both elements merges in him. Both elements combine in his sculptures which makes them sublime and intellectual. For him material is immaterial. He chooses anything from a foil paper to fibre glass to vent out his artistic pursuit.

The best examples are his game puzzles. They demarcate the line between an architect and a sculptor. With him the fundamental mathematical forms become aesthetic architectural structures which are to be dissected and assembled.

One such puzzle is octahedron .As the very name suggests they are 8 sided but with 6 corners. Seems like a star the octahedron occupies a structure within itself which gets dismantled once it is open.All one has to do is fill up the empty volumes with in the pieces and rearrange it to the original shape. Set in innumerable, more than a trillon, permutations it commands both intellectual and creative insight to delve into this puzzle and come out successful.

Like octahedron he has prototypes of more than a dozen puzzles named and unnamed with him such as Aryabhatta, which is named after the first Indian satellite, magic tapes etc.

Don’t praise him as a multitudinous genius. He says, there is no need for glorifying art An artist is just like any other person doing their own jobs. And the compartmentalisation of various art forms is just media propagation. Earlier art was utilitarian. The rulers of then times needed art to fill up the spaces in their majestic palaces. I can`t take it as a pro- fession. And it is not talent alone. Talent is universal. Could everyone plough the field? Could everyone chop wood? Like that some paint or sculpt or write. That is all. The thing is it should be nurtured. And art schools are damaging the creativity of children. It oppresses spontaneity. Originality will be lost and will become in groups, schools and clicks. It limits the freedom of artist. Instead of an artist they end up as art critic or a lecturer.”

Whether it is sculptures or game puzzles they come in hyper dimensional patterns. He has an answer for his hyper dimensional patterns and thinking. "Dimension is a human concern. Wherever we look it is 90 degreeness. But possibilities are abundant in 60 degrees. Bubbles, domes have different geometrical patterns. That sustains and implies. Flowers bloom in different ways. Without seeing all these basic things art is incomprehensible." Moosa’s hyper dimensional notion comes profusely in his sculpture called Big Bang which won him the most prestigious art recognition called the Kerala Lalitakala Academy Award from his homeland Kerala. And the very sculpture accompanies him wherever he goes. ln short he sees the universe itself in his sculpture.

Slotting and comparing human abilities is out of Moosa’s realm. In his soul searching quest to find the absoluteness his quizzical brain and heart shrouds the aura of an artist and that of a scientist. "Anybody with the skill and patience can do it. We are made up of variety of things borrowed from here and there. There is no such thing called individual.Because our self is not true. But there may be some absoluteness. And I just try for that"

The intricate game puzzles are just the offshoot of this notion alone. These puzzles are meant both for children and elders alike. Having more than a dozen of game puzzles which he has started making 15 years back he could easily have made money by proper marketing. We have had many puzzles since ancient times-the old Chinese Tangrams,the Soma Cube, Stein House Cube and the one in recent times Rubic Cube. After Rubic Cube there didn’t come any other puzzle which won international attention.Moosa’s octahedron and many other puzzles can definitely give an answer to this vacuum.

Out of this urge he has tried once for a patent, but lack of money drew him back forever. Now he just shows them to the visitors who are interested in the games or to his friends.

While his works authenticate mathematical possibility in art it simply implies that science is not rigid. Moosa loves to be called as virtual sculptor. All the patterns he visualizes take shape in his computer. There the limitations vanish, and the material becomes immaterial. His passion is for habitable structures. The innumerable monumental structure he has designed shows how styles can be adopted to make them user friendly and habitable. The virtual sculptures make him say they are failed structures because they haven’t taken concrete shapes. He has made prototypes and designs of many monuments on the eve of the new millennium way back in 2000. Belonging neither to a school or cult he is a free artist he could easily have won accolades with his innumerable virtual and non virtual sculptures had he tried. That’s Moosa. Satistied in his own terrain of work and thoughts.

It should be remembered that he was the first man to begin the Silent Valley Protest which got world wide attention for the preservation of rich bio diversity. With his sculptures and paintings he did a silent protest all along Kerala way back in late 70’s.And has traveled all along north lndia on foot and reached the Mighty Himalayas at last. Although it seems anarchic he has a vision in his life. To know the ultimate without any bondage. And that moves him ahead still, quite truly not in a materialistic way, but in a sublime level.

Link to Nazeem Beegum's great Blogs: http://nazeembeegum.blogspot.com/

Tuesday, February 3, 2009

അടി ഔസോ
ബാല്യകാല സ്മരണകളില്‍ കനത്തുനില്‍ക്കുന്ന ഒരോര്‍മ്മയാണ് ‘അടി ഔസോ’. ആരായിരുന്നയാള്‍? ഞങ്ങള്‍ കുട്ടികള്‍ എല്ലാം ഓരോരോ കഥകള്‍ മെനഞ്ഞുണ്ടാക്കും അയാളെപ്പറ്റി.കാരണം അയാള്‍ ആരോടും സംസാരിക്കാറില്ല.
കീറിപ്പിന്നിക്കുത്തിയ മുഷിഞ്ഞ മുണ്ട്, ഒരു ഷര്‍ട്ടിനുമുകളില്‍ വേറെ ഷര്‍ട്ട്, പിന്നതിന്നുമുകളില്‍ വേറൊന്ന്....ചെവിയില്‍ എപ്പോഴും ഒരു പെന്‍സിലോ മറ്റോ.കടകളില്‍ നിന്ന് എറിഞ്ഞുകളയുന്ന കട്ടിക്കടലാസ്സില്‍ എപ്പോഴും എഴുതിക്കൊണ്ടിരിക്കും.ആലുവ വിട്ടയാള്‍ പോകാറില്ല. പക്ഷെ നാട്ടുകാരനുമല്ല.
ട്രെയിന്‍ കയറിവരുന്ന (ഇറക്കി വിടുന്ന) എത്രയോ മനോനിലതെറ്റിയവര്‍ അന്നും ഇന്നും ആലുവയിലുണ്ട് !
മൌസമര്‍ത്തി വരച്ചപ്പോള്‍ ഛായ നിലനിര്‍ത്താന്‍ പണിപ്പെട്ടിട്ടുണ്ട്, കാരണം പഴയ ചങ്ങാതിമാര്‍ ആരെങ്കിലും കണ്ടാല്‍ തിരിച്ചറിയണമല്ലോ..!

Sunday, February 1, 2009

India's puzzling answer to Rubik's Cube


ഇത് The Independent’-ല്‍ ബോംബെയില്‍ വന്ന വാര്‍ത്ത സുഹൃത്ത് ബാലകൃഷ്ണന്‍ അയച്ചുതന്നതാണ്. ഇത് വന്നപ്പോഴേക്കും ഞാന്‍ ജോലി തേടി ഗള്‍ഫില്‍ എത്തിയിരുന്നു.ഈ വാര്‍ത്തകണ്ട് ബോബെയിലെ ചില നിര്‍മ്മാതാക്കള്‍ ഇത് വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നതിനു വേണ്ടി സമീപിച്ചിരുന്നു. പക്ഷെ, ഇവരാരും റോയല്‍ട്ടി (royalty) തരാന്‍ തയ്യാറല്ലാതിരുന്നതുകാരണം നടക്കാതെ പോയി!?

'The Independent, October 1990'

India's puzzling answer to Rubik's Cube


BOMBAY (PTI)
The prototype of a novel three-dimensional octahedron puzzle consisting of a seven piece assemblage has been designed by Shamsudhin K. Moosa, a sculptor specialising in geometrical figures.
There is just one way of solving the puzzle though there are millions of possible combinations of individual pieces. The random method, used for the popular Rubik Cube, cannot be used to solve this puzzle, Moosa said, adding that the task called for unique creative analysis and insight.
Moosa, who hails from Alwaye in Kerala, told PTI here that the seven pieces, two pairs of which are mirrior images, have to be aligned with each other to get the octahedron which is a regular convex polyhedron having eight equilateral triangles for its sides. Two square pyramids put together along their bases form an octahedron which, in mathematical parlance, is the dual of a cube.
A piece can align with any other in infinite ways to form other shapes. The puzzle can be used to form many symmetrical forms and can act as a variable sculpture involving the user's creative participation.
The prototype is in a case and unless at least an imperfect octahedron-with two or three pyramidal depressions- is formed, it cannot be put back into the case.
"It seems there is an apparent mystery of volumes as the depressions keep vanishing while at the same time retaining the volume as the puzzle is solved," Moosa said. At present the puzzle is in one colour as more colours will add to the complexity of the puzzle, he said.
Giant size models of the puzzle in gardens can be entertaining to both kids and elders and also a new sculpture could be formed in the garden every day, he said.
Also ready is the prototype of another three-dimensional puzzle with a rhombic cubaoctadron shape. It is called the 'Aryabhatta' as it is shaped like the Indian satellite.
In this puzzle one has to take out the two-dimensional pieces represented in six octagons, invert and reassemble them to get the final shape.Monday, January 26, 2009

ക്ഷേത്ര ഗണിതവും ശില്പ സാധനയും

മാതൃഭൂമി വാര്‍ഷികപ്പതിപ്പ് -1991 : എം.പി.സുരേന്ദ്രന്‍


ഏഴുവര്‍ഷങ്ങള്‍ക്കുമുന്‍പ് കേരള ലളിതകലാ അക്കാദമിയുടെ അവാര്‍ഡ് നേടിയ ഷംസുദ്ദീന്‍ കെ.മൂസയുടെ ശില്‍പ്പം ബിഗ് ബാംഗ് തിയറിയെ ആസ്പദമാക്കിയുള്ള ഒരപൂര്‍വ കല്പനയായിരുന്നു. ഈ ശില്‍പ്പം, ക്ഷേത്ര ഗണിതത്തോട് അടുത്തുനില്‍ക്കുന്നുവെന്ന് എം.വി.ദേവന്‍ ഉള്‍പ്പെടെ പല പ്രഗല്‍ഭരും അഭിപ്രായപ്പെടുകയും ചെയ്തു.


പ്രപഞ്ചോല്‍പ്പത്തിയെ സംബന്ധിച്ച ‘ബിഗ് ബാംഗ് ‘ഒരു ശില്‍പ്പമായി രൂപപ്പെടുത്തുന്നതിന് പിന്നില്‍ ക്ഷേത്രഗണീതത്തിന്റെ അടിസ്ഥാന വാക്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഷംസുദ്ദീന്‍ സമ്മതിക്കുന്നു. ഇതൊരു കുറ്റസമ്മതമല്ല, ക്ണ്ടെത്തലാണ്. പതിനേഴു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഷംസുദ്ദീന്‍ രൂപകല്‍പ്പന നല്‍കിയ ശില്പങ്ങള്‍ സംസാരിക്കുന്നതും ഇതേ ഭാഷതന്നെയാകുന്നു. ക്ഷേത്രഗണീതത്തോടൊപ്പം പ്രകൃതിയുടെ ജന്യഭാവങ്ങളും ഈ ശില്പങ്ങളില്‍ സമന്വയിപ്പിച്ചുകൊണ്ടാണ് ഈ കലാകാരന്‍ ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടുപോന്നത്.

ഈ ശില്‍പ്പങ്ങള്‍ ഒരേസമയം പ്രഹേളികയും (puzzle) ദൃശ്യബിംബവുമാണ്. ഇതേപ്പറ്റി അന്തരിച്ച രാംജി എഴുതി-‘ശില്‍പ്പകലയില്‍ ജ്യാമതീയമായ ദൃശ്യസംബന്നത എന്നുമുണ്ടായിരുന്നു.കലയും ജ്യാമതീയ കലയും സംസാരിക്കുന്ന ശില്‍പ്പങ്ങള്‍ ഒരു കണ്ടെത്തലാണ്.മറ്റൊരു തിരിച്ചറിവാണ്. ഷംസുദ്ദീന്‍ ഈ തിരിച്ചറിവ് വേണ്ടുവോളം നേടിക്കഴിഞ്ഞു.'

ത്രിമാനരൂപങ്ങളില്‍ സഞ്ചരിക്കുന്ന അതിനവ( Nascent)ഭാവനയാണ് ഈ ശില്പ്ങ്ങള്‍.അവ വ്യവസ്താപിതമായ കലാധര്‍മ്മങ്ങളുടെ ഉദാരത നിഷേധിക്കുന്നതും ചടുലവും ചഞ്ചലവുമായ ദര്‍ശന സാധ്യതകള്‍ ആരായുന്നതുമാണ്.

സമൂര്‍ത്തമായ രൂപബോധമാണ് ജ്യാമതീയ ശാസ്ത്രത്തിന്റെ സജീവത്വം. ഒരര്‍ഥം അതൊരു സാകല്യമായ ശില്പരീതിയാണ്. ഇതേ അവബോധം സൃഷ്ടിക്കുന്ന മറ്റൊന്ന് പ്രകൃതിയുടെ കേവലമായ ശാസ്ത്രസത്യമാണ്.അതുകൊണ്ടുതന്നെ പ്രകൃതി, കോശഘടന, സിമട്രി, പരലുകള്‍ എന്നിവയുടെ സമ്യക്കായ ഒരു ഘടനായാധാര്‍ഥ്യം ഷംസുദ്ദീന്റെ ശില്ലങ്ങളിലുമുണ്ട്.

പ്രകൃതിയുടെ കാരുണ്യം

എന്തുകൊണ്ടാണ്, ചില പൂവുകള്‍ക്ക് അഞ്ച് ഇതളുകള്‍? കബ്ബോസിറ്റെ കുടുബത്തില്‍പെട്ട സസ്യങ്ങളുടെ പൂക്കള്‍ക്ക്, അന്യൂനമായ ഒരു ഘടനാരീതി? കാറ്റാടി മരത്തിന്റെ വിത്തുകള്‍ക്ക് 64 തലങ്ങള്‍ (sides ) കാണാം. പ്രകൃതിയുടെ കാരുണ്യമാകുന്നു ഇത്. കാറ്റാടിമരത്തിന്റെ വിത്തുകള്‍ അറുപത്തിനാലുവശങ്ങളിലേക്ക് പൊട്ടിത്തെറിച്ച് ജീവന്റെ അറുപത്തിനാലു മുളകള്‍ കിളിര്‍ക്കുവാന്‍

വേണ്ടിയുള്ള പ്രകൃതിയുടെ കാരുണ്യമാകുന്നു ഈ സംവിധാനം.

ഇതേപോലെ അന്യൂനമായ രൂപബോധം പരലു(crystals)കള്‍ക്കുമുണ്ട്. അവയുടെ വ്യവസ്ഥയും ക്രമികതയും വിസ്മയകരമാണ്.ഒരു വിശേഷ സംവിധാനമാണിത്. ഒരു ത്രികോണത്തിന്റെ കൂര്‍ത്ത

അറ്റങ്ങള്‍ ഒരു ക്രമികതയോടെ(systematic) ചുളുക്കുബ്ബോള്‍ പുതിയൊരു രൂപസങ്കല്‍പ്പമുണ്ടാകുന്നു. ഈ രൂപങ്ങള്‍ സ്പേസില്‍ സൃഷ്ടിക്കുന്ന കടന്നാക്രമണമാണ് ഷംസുദ്ദീന്‍ പ്രയോജനപ്പെടുത്തിയത്.

ഇവിടം വരെ എത്താന്‍, വാസ്തുശില്പകലയിലെ ബര്‍ക്ക്മിനിസ്റ്റര്‍ ഫുള്ളറുടെ സങ്കല്പങ്ങളും, കേരളീയ വാസ്തുശില്പകലയും, ജ്യാമതീയ ശാസ്ത്രവും, പ്രകൃതിയുടെ സിമട്രി-പരല്‍ സങ്കല്‍പ്പങ്ങളും ഷംസുദ്ദീന് സഹായമായിട്ടുണ്ട്.

ശില്‍പം വിന്യസിക്കുന്നതിന് ആവശ്യമായ സ്പേസിലാണ് ഷംസുദ്ദീന്‍ തന്റെ ഉത്തരങ്ങള്‍ തേടിപ്പോയത്. സ്പേസിലെ സൌന്ദര്യാന്വേഷണം അതീവ ജാഗ്രതയോടെ, പൂര്‍ത്തീകരിക്കുന്നു. ശില്പിയുടെ കല വെറും ഗണിതശാസ്ത്രകൌതുകമല്ലതാവുന്നത് ഈ ഘട്ടത്തിലാണ്.രൂപങ്ങളുടെ സിമട്രിക്ക് ഏതെങ്കിലും ട്വിസ്റ്റ് നല്‍കുബ്ബോള്‍ പ്രവചനാതീതമയ മാനം കൈവരിക്കുന്നതായി ശില്പി കണ്ടെത്തി.

പ്രപഞ്ചത്തെ ഒരു അയിക്കോസാഹെട്രല്‍ ( icosahedral) രൂപമാക്കുബ്ബോള്‍ എന്താകുന്നു അകത്തെ രൂപം? ഘനത്രികോണത്തെ അകം പുറം മറിച്ചിടുബ്ബോള്‍, അവ ആജിക്കുന്ന രൂപമെന്താണ്? ഈ ആലോചനകള്‍ തന്നെ ആനന്ദമാകുന്നു.


മനസ്സിന്റെ അന്വേഷണം


സിമട്രി ദൃഡവും കര്‍ക്കശവുമാണെന്ന ധാരണ മറിച്ചിടുകയാണ് ശില്പി. അതിന് അനുനേയത (flexibility‌) ഉണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.

തന്റെ കലാസങ്കല്‍പ്പങ്ങള്‍ക്ക് ഇത്തരമൊരു യാത്ര അനുവതിച്ചതില്‍ ഷംസുദ്ദീന് പ്രത്യേകമായ ന്യായീകരണമുണ്ട്. ഇന്ന് ശില്‍പ്പങ്ങള്‍ ആവശ്യമില്ല. അവ സ്വീകരണമുറികളില്‍ സ്ഥാനം പിടിക്കുന്ന പൊങ്ങച്ചങ്ങളായി മാറിയിരിക്കുന്നു. എന്നാല്‍, മാറ്റങ്ങള്‍ക്ക് എന്നും ജടാവസ്ഥയില്‍ നിന്ന് എന്തിനേയും രക്ഷിക്കാനാകും. ശില്പങ്ങള്‍ ജ്യാമതീയമായ മാനം കൈവരിക്കുബ്ബോള്‍ അവ കര്‍ക്കശരൂപങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് അനുനേയരൂപങ്ങളായി മാറുന്നു. ആ നിലയ്ക്കാണ് മനസ്സിന്റെ ഓരോ അവസ്ഥയേയും അപഗ്രഥിക്കാവുന്ന മട്ടില്‍ അഴിച്ചെടുക്കാവുന്നതും കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്നതുമായ പ്രശ്നശീല്പങ്ങള്‍ക്ക് രൂപം നല്‍കിയതെന്ന് ഷംസുദ്ദീന്‍ പറ്യുന്നു. അവ റൂബിക് ക്യൂബ് പോലെ വെറും പസല്‍ അല്ല. അതു സൃഷ്ടിക്കുകയും തകര്‍ക്കുകയും ചെയ്യുന്ന, ഒട്ടേറെ രൂപങ്ങള്‍ക്ക് ജന്മം നല്‍കുന്ന മനസ്സിന്റെ അന്വേഷണമാണ്. ഇതിനു സമാനമായാണ് 20 ചതുര വശങ്ങളും എട്ട് ത്രികോണവശങ്ങളുമുള്ള ‘ആര്യഭട്ട’ (റോബ്ബിക്ക് ക്യുബൊക്ടാഹെട്രാ)സൃഷ്ടിച്ചത്. ഈ ശില്‍പ്പം അഴിച്ചെടുക്കാം,കൂട്ടിച്ചേര്‍ക്കാം. ഒരു പ്രത്തേക കൂട്ടിച്ചേര്‍ക്കലില്‍ മാത്രമേ അതു പഴയരൂപം കൈവരിക്കുന്നുള്ളു. ഓരോതവണ കൂട്ടിച്ചേര്‍ക്കുബ്ബോഴും അതു ഓരോ രൂപം സൃഷ്ടിക്കുന്നു. പക്ഷേ,മറ്റേതിങ്കിലും രീതിയില്‍ നിങ്ങള്‍ക്ക് അടുക്കിനോക്കാം. അതൊരു അനന്തമായ പദ്ധതിയാണ്. പുതിയരൂപങ്ങള്‍ വരികയും പോവുകയും ചെയ്യുന്നു. അതൊരു അര്‍ഥപൂര്‍ണമായ വിനോദമാണ്. സൃഷ്ടിയുടെ ഒരു ശില്പകലാ വിന്യാസമാണ്.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഗണിതശാസ്ത്രവിഭാഗം, ഈ സാധ്യതകളെപ്പറ്റി ഷംസുദ്ദീനോട് ആരായുകയുണ്ടായി. ഗവേഷണസഹായം നല്‍കാനും അവര്‍ തയ്യാറായി. പക്ഷേ, അടിസ്ഥാനപരമായി താനൊരു ശില്‍പ്പിയാണന്നും അതിശാസ്ത്രീയമായ ഗവേഷണം തന്റെ വഴിയല്ലന്നും ഷംസുദ്ദീന്‍ അവരെ അറിയിക്കുകയായിരുന്നു.


ദ്വിമാനതലത്തില്‍ നിന്ന് ത്രിമാന ചിന്തയിലേക്ക്


ഏഴു കഷണങ്ങളായി വിഭജിക്കാവുന്ന നൂതനമായ പ്രശ്നശില്‍പ്പമാണ് ഒക്ടാഹെഡ്രണ്‍. എട്ട് സമത്രികോണങ്ങള്‍ വശങ്ങളായിവരുന്ന ഒരു ത്രിമാനരൂപമാണിത്. ജ്യാമതീയ ശാസ്ത്രമനുസരിച്ച് ഒരു ക്യൂബിന്റെ എതിര്രൂപമാണിത്. ഒക്ടാഹെഡ്രനെ ഗണിതശാസ്ത്രത്തിലെ സിമട്രിസങ്കേതം ഉപയോഗിച്ച് ഏഴു ത്രിമാനഘടകളായി വിഭജിക്കാം.ഈ എഴു ത്രിമാനഘടകങ്ങള്‍ ഒരു പ്രത്യേകരീതിയില്‍ യോജിപ്പിക്കുംബൊള്‍ ഒക്ടാഹെഡ്രണ്‍ ലഭിക്കും. എന്നാല്‍ ഒരു പ്രഹേളികയായി, ഏഴു ഘടകങ്ങള്‍ നിങ്ങളുടെ ഭാവനക്കനുസൃതമായി യോജിപ്പിക്കുബ്ബോള്‍ അതിവിചിത്രവും വിസ്മയകരവുമായ വ്യത്യസ്തരൂപങ്ങളാണ് രൂപപ്പെടുക. ഈ ഓരോരൂപവും അനുവാചകന് ഓരോ ശില്പരൂപമായി അനുഭവപ്പെടുകയും ചെയ്യും. ഈ ഏഴുഭാഗങ്ങള്‍ 164x163x162x161x160x159x158x157x-------------------------------3x2x1 ...വിധത്തില്‍ യോജിപ്പിക്കാം.അതിന്റെ അര്‍ഥം, അനന്തമായ ഈ പക്രിയയ്ക്കിടയില്‍, എവിടെയോ ആണ് കൃത്യമായ ഒക്ടാഹെഡ്രണ്‍ രൂപത്തിന്റെ സൂത്രവാക്യം എന്നാണ്.

അതിപ്രചാരമുള്ള റൂബിക്ക് ക്യൂബിനോട് ഒക്ടാഹെഡ്രണ് സാമ്യമൊന്നുമില്ല. സങ്കീര്‍ണ്ണതയുടെ കാര്യത്തില്‍, പക്ഷേ, ഒക്ടാഹെഡ്രണ്‍ റൂബിക്ക് ക്യൂബിനെ പലമടങ്ങ് കവച്ചുവെയ്ക്കുന്നു. ഒക്ടാഹെഡ്രണ്‍ ഒരേസമയം, സൃഷ്ടിപരമായ വിനോദവും ഏകാഗ്രമായ അന്വേഷണവും ദൃശ്യശില്‍പ്പത്തിന്റെ സബ്ബന്നമായ വ്യത്യസ്തയുമാണ്.

ത്രിമാനരൂപമുള്ള പ്രഹേളികകള്‍ എക്കലത്തും നമ്മുടെയിടയില്‍ ഉണ്ടായിരുന്നു. ദ്വിമാന സ്വഭാവമുള്ള ‘ചൈനീസ് ടാന്‍ഗ്രാം‘, സോമാക്യൂബ്,സ്റ്റീന്‍ ഹോസ് ക്യൂബ് എന്നിവയെല്ലം ആ നിലയ്ക്ക് പ്രസിദധങ്ങളുമാണ്. ഇവയില്‍ ത്രിമാനസങ്കല്‍പ്പം കുറഞ്ഞതും സൂത്രവാക്യത്തിന്റെ ഗഹനത ഇല്ലാത്തതും റൂബിക്ക് ക്യൂബായിരുന്നു. ഇത്തരം പ്രഹേളികകളുടെ ലക്ഷ്യം തന്നെ, ദ്വിമാനതലത്തില്‍ നിന്ന് ത്രിമാനചിന്തയിലേക്കുള്ള മാറ്റമാണ്.

വേണമെങ്കില്‍ ഇതൊരു സര്‍ഗാത്മക വിനോദമായി വളര്‍ത്തിയെടുക്കാം. വ്യത്യസ്ത അഭിരുചിയും പ്രായവുമുള്ളവര്‍ക്കായി പ്ലാസ്റ്റിക്കില്‍ മോള്‍ഡ് ചെയ്താല്‍ വാണിജ്യാടിസ്ഥാന്ത്തില്‍ വിതരണം ചെയ്യാം. അല്ലങ്കില്‍ ഇത്തരം രൂപങ്ങള്‍ പാര്‍ക്കുകളില്‍ രൂപപ്പെടുത്താം. കുട്ടികളുടെ സര്‍ഗാത്മക ധാരണാസൃഷ്ടിക്കും ഉപയോഗിക്കാം.

എഴുപതുകളുടെതുടക്കത്തില്‍, ബറോഡയില്‍ നിന്ന് ശില്പകലാപഠനം നടത്തിയശേഷം ഉത്തരേന്ത്യയില്‍ കാല്‍നടയായി സഞ്ചരിച്ച് ഹിമാലയത്തിന്റെ താഴ്വാരങ്ങളിലൂടെ നടത്തിയ എണ്ണമറ്റ യാത്രകള്‍ക്കുശേഷമാണ് ഷംസുദ്ദീന്‍ ആലുവായില്‍ തിരിച്ചെത്തിയത്. പിന്നീട് സൈലന്റ് വാലിയിലെ നിര്‍ദ്ദിഷ്ട ജലവൈദ്യുത പദ്ധതിക്കെതിരെ സംസാരിക്കുന്ന സ്വന്തം ചിത്രങ്ങളുമായി ഷംസുദ്ദീന്‍ കേരളപര്യടനവും നടത്തിയിരുന്നു.

‘ഡി.ന്‍.എ. മോളിക്യൂളുകളുടെ സാര്‍വത്രിക ജനറ്റിക് കോഡുകള്‍പോലെ, മാനുഷികസൃഷ്ടിയായ സാങ്കേതിക വസ്തുക്കളുടെ ഒരു ജനറ്റിക് കോഡ് കണ്ടെത്താനുള്ള ഒരു ശില്പയത്നത്തിന്റെ സാഫല്യം’ ഷംസുദ്ദീന്‍ പിന്നീടാണ് കണ്ടെത്തിയത്.

ഷംസുദ്ദീന്‍ തന്റെ ശില്‍പ്പങ്ങളെ ‘കണ്‍സെപ്ച്വല്‍ സ്കള്‍പ്ച്ചര്‍’ എന്നാണ് വിളിക്കുന്നത്. നമ്മുടെ ഘടനാബോധത്തെ വെല്ലുവിളിക്കുകയും ദൃശ്യബോധത്തില്‍ അട്ടിമറികള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന ഈ യ്ത്നങ്ങളെ ത്രിമാനഭാവനയുടെ സമൂര്‍ത്ത ശില്‍പ്പങ്ങളെന്ന് വിളീക്കുന്നതായിരിക്കും ശരി.

Monday, January 19, 2009

തോണിക്കടവത്തെ ബുദ്ധന്‍

.......................എന്റെ കാര്യത്തില്‍ ഒരു ചിത്രം ജനിയ്ക്കുന്നത് വളരെ ബോധപൂര്‍വ്വമായ തയ്യാറെടുപ്പുകൊണ്ടല്ല.അതായിരുന്നുവെങ്കില്‍ ഞാന്‍ ഒരു ജ്യാമതീയ ശില്‍പ്പം തന്നെ ഉണ്ടാക്കുമായിരുന്നു. പക്ഷേ അതിലും അപ്പുറം മനസ്സിന്റെ അനന്തമായ മാനങ്ങളില്‍ ഉണ്ടാവുന്ന ഓളങ്ങള്‍ മറ്റു ഭൌതിക ചേരുവകളുമായി ചേര്‍ന്ന് ഉണ്ടാവുന്ന സ്ഥല-കാല- നിറ-രൂപ സങ്കലനമാണ് ചിത്രം.ഒരു കൊള്ളിയാനില്‍ തെളിയുന്ന മനസ്സിലെ രൂപം പോലെ , പുലര്‍കാല വെളിച്ചത്തില്‍ മെല്ലെ തെളിയുന്ന പുഴയോര ദൃശ്യം പോലെ മനസ്സില്‍ (എന്താണ് മനസ്സ്..!?)........

ഒരു ശില്‍പ്പം ഒരു ചിത്രമായി പരിണമിച്ച കഥയാണ്. എന്റെ ശില്‍പ്പമായ ‘കലുങ്കിലിരിയ്ക്കുന്ന മാഷാണ് ‘ ത്രിമാനത്തില്‍ നിന്നും ചിത്രത്തിലെ ബുദ്ധനായി മാറിയത്. ഇതിനൊന്നും ക്ലിപ്തമായ ഉത്തരം തരാനില്ല. സമയത്തെ തിരിച്ചിട്ടാല്‍ ( തിരിച്ചു വിട്ടാല്‍ ) ഈ ചിത്രത്തിലെ ബുദ്ധനാകാം കലുങ്കിലിരിയ്ക്കുന്ന മഷായി മാറുന്നത്. ആര്‍ക്കറിയാം...?!

Friday, January 16, 2009

അവസാനത്തെ അത്താഴം

1979-ല്‍ വരച്ച ഈ ചിത്രം അക്കൊല്ലം തന്നെ കേരളമൊട്ടുക്കും വഴിയരികില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതാണ്.


ബറോഡയിലെ പഠനം ഉപേക്ഷിച്ച് അശാന്തമായ യാത്രകള്‍ക്കൊടുവില്‍ തിരിച്ചെത്തിയിരുന്ന സമയം. സൈലന്റ് വാലി ജലവൈദ്യുതി പദ്ധതി നടപ്പാക്കുന്നതിന്റെ ചര്‍ച്ചകള്‍ നടക്കുന്നതറിഞ്ഞു. കുറച്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് ഉറ്റ സുഹ്ര്ത്തുക്കളോടൊപ്പം സൈലന്റ് വാലികാടുകളില്‍ നടത്തിയ യാത്രയില്‍ സുഹ്രത്ത് ഉണ്ണിക്ക്രഷ്ണനു വേണ്ടി Entomology collection നടത്തിയതോര്‍ക്കുന്നു. അവിടെ കണ്ട നീല-പച്ച മയില്‍പ്പീലി ശലഭങ്ങളും, വലിയ വെള്ള ഒച്ചുകളും, സിംഹവാലന്‍ കുരങ്ങുകളും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന സമയം. ഇവയുടെ രക്ഷയ്ക്ക് എന്തെങിലും ചെയ്യണമെന്ന ആഗ്രഹമാണ് ഈ ചിത്രപ്രദര്‍ശനത്തിനു പ്രേരകമായത്. തിരുവനന്തപുരം മുതല്‍ പയ്യന്നൂര്‍ വരെ സുഹ്രത്ത് V.N.ചന്ദ്രനോടൊപ്പം തെരുവോരത്ത് നടത്തിയ പ്രദര്‍ശനം ഏകദേശം ഒരു മാസം നീണ്ടുനിന്നു.സാധാരണ ജനങ്ങളിലേയ്ക്കു എത്തിക്കാന്‍ കഴിഞ്ഞു എന്ന ത്രപ്തി മനസ്സില്‍ ഇപ്പോഴും നിറവായ്.
മന്ത്രിയും കോണ്ട്രാക്ടറും പുരോഹിതരും ഉദ്യോഗസ്തവീരനും എല്ലാം ചേര്‍ന്ന ഈ അത്താഴവിരുന്നില്‍ ഞാന്‍ കണ്ട വെണ്‍ ഒച്ചുകളും, ശലഭങ്ങളും എല്ലാം തീന്‍ മേശയില്‍ എത്തിയതായി സ്വപ്നം കണ്ടു.