Sunday, March 1, 2009

സുഹറ


“സുഹ്റായുടെ ഭാവം പെട്ടെന്നു മാറിപ്പോയി. ഉള്ളില്‍ ഒരു പുതിയ വെളിച്ചം; മുഖത്തു രക്തപ്രസാദവും കണ്ണുകള്‍ക്കു തിളക്കവും. ചുരുണ്ട മുടി നടുവേ വകഞ്ഞ്, ചെവി മൂടി ഭംഗിയായി കെട്ടിവച്ച് അവള്‍ നടക്കും.”

‘പ്രിയപ്പെട്ട മകന്‍ മജീദ് വായിച്ചറിയാന്‍ സ്വന്തം ഉമ്മാ എഴുതുന്നത്:
‘മിനിയാന്നു വെളുപ്പിനു നമ്മുടെ സുഹറാ മരിച്ചു. അവളുടെ വീട്ടില്‍ക്കിടന്ന്; എന്റെ മടിയില്‍ തലവെച്ച്. പള്ളിപ്പറമ്പില്‍ അവളുടെ ബാപ്പയുടെ കബറിനരുകിലാണ് സുഹറായെ മറവു ചെയ്തിരിക്കുന്നത്.’

‘മരിക്കുന്നതിനു മുമ്പു നിന്റെ പേരു പറഞ്ഞു. നീ വന്നോ എന്നു പല തവണ ചോദിച്ചു.’

അന്ന്...മജീദ് യാത്ര പറഞ്ഞ് ഇറങ്ങാന്‍ തുടങ്ങുകയായിരുന്നു. സുഹറാ എന്തോ പറയുവാന്‍ ആരംഭിച്ചു. മുഴുമിക്കുന്നതിനു മുമ്പ്................
‘പറയാന്‍ തുടങ്ങിയത് അപ്പോഴും അവളുടെ മനസ്സിലുണ്ടായിരുന്നിരിക്കണം.
എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്റാ പറയാന്‍ തുടങ്ങിയത്?’

ചിത്രം വരക്കുമ്പോള്‍ സുഹറയോ ബാല്യകാല സഖിയോ മനസ്സില്‍ ഉണ്ടായിരുന്നില്ലാ. വരഞ്ഞ് വരഞ്ഞു വന്നപ്പോള്‍ മനസ്സിലായി ബഷീര്‍ അബോധ മനസില്‍ എപ്പോഴും ഉണ്ടായിരുന്നു എന്ന്...!
“ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തിയ ഒരേട്, വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു....”എന്ന് എം.പി.പോളിനെ ക്കൊണ്ട് എഴുതിപ്പിച്ച ഒരു അനുഭവ വിസ്മയം...!

Thursday, February 19, 2009

ചൂണ്ട


വിജയന്‍, ശിശുപാലന്‍ ചേട്ടന്‍, മണിച്ചേട്ടന്‍ എന്നിവരോടൊത്ത് ചെമ്പകശ്ശേരി കടവിലും ഇടയപ്പുറം പാടത്തും ചൂണ്ടയിടാന്‍ പോകുന്നത് ഓര്‍ക്കുന്നു. ശവക്കോട്ടയുടെ പുറകിലുള്ള പാടത്ത് തവളകളുടേയും ചീവീടുകളുടേയും ശബ്ദം, പാടത്തെ ചെളിയില്‍ പൂണ്ട കാല്‍ വലിക്കുമ്പോള്‍ വരുന്ന ശബ്ദം, മണം...ഇടവഴിയിരുവശങ്ങളിലുമുള്ള മുളങ്കൂട്ടത്തില്‍ നിന്നും ...ഊമന്റേയും, മുളയുരയുന്നതിന്റേയും ശബ്ദം... ഇരയിടാനായി ചേമ്പുപറിച്ച് വേരില്‍ കുടുങ്ങിയ ഞാഞ്ഞൂളുകളെ ചിരട്ടയില്‍ കരുതി അവരുടെ കൂടെ. വിജയന്‍ ചേട്ടന്‍ ബീടി ആഞ്ഞുവലിച്ചതിന്‍ വെട്ടത്തില്‍ ചൂണ്ടക്കൊളുത്തില്‍ ടങ്കീസു കെട്ടുന്നത്...!
പിന്നീട്, നേരം വെളുക്കുന്നതിനു മുന്‍പ് ഈര്‍ക്കിലിയില്‍ കോര്‍ത്ത മൂഷി, വരാല്‍ എന്നിവയുമായി ശിശുപാലന്‍ ചേട്ടന്‍ മുന്‍പേ ഓടും....




വിജയന്‍ ചേട്ടന്‍, ചെളിയിന്‍ വരമ്പ് തീര്‍ക്കുന്നവന്‍. കോരുന്ന ഓരോ തൂമ്പാച്ചെളിയും വരമ്പിലേറ്റി രണ്ടു കണ്ടത്തിലേയും വെള്ളം രണ്ടുവിതാനത്തില്‍ നിര്‍ത്തുന്നവന്‍. തേമ്പി, തേച്ചുപിടിപ്പിക്കുന്ന ഓരോ അടര്‍ ചെളിയും...പകുതി മുങ്ങിക്കിടക്കുന്ന ജലവ്യാളിയുടെ ചെതുമ്പലാക്കുന്നവന്‍...
ഉച്ചവെയിലില്‍ തിളങ്ങും- തെന്നും വരമ്പിലൂടെ പെരുവിരല്‍ ആഴ്ത്തി നടക്കുന്നവന്‍.
പാലറ്റു നൈഫുകൊണ്ട് എണ്ണച്ചായത്തില്‍ എങ്ങനെ തേച്ചു പിടിപ്പിച്ചാലാണ് അതു പോലൊന്ന് വരയ്ക്കാനാവുക..?!