Sunday, April 5, 2009

സമാന്തര പ്രപഞ്ചങ്ങള്‍

ഈ ബളോഗ് വായിക്കുന്ന നിങ്ങളുടെ വേറൊരു പകര്‍പ്പ് ഉണ്ടോ..?! നിങ്ങളല്ല, പക്ഷേ നിങ്ങളുടെ എല്ലാ അനുഭവങ്ങളും ഓര്‍മ്മകളും ഉള്ള വേറൊരാള്‍ !ഈ കക്ഷിയുടെ ജീവിതവും നിങ്ങളുടേത് പോലെ ആയിരുന്നു.ഈ അപരന്‍ ഈ കുറിപ്പ് വായിച്ചു മുഴുമിപ്പിക്കാതെ വേറേതെങ്കിലും പ്രവര്‍ത്തിയില്‍ വ്യാപൃതനാകുമായിരിക്കും; നിങ്ങള്‍ ഈ വായന തുടരുകയും ചെയ്യും. ഈ അപരനും ഭൂമിയെന്നു പേരുള്ള ഒരു ഗ്രഹത്തില്‍ സൂര്യനെന്നു പേരുള്ള നക്ഷത്രത്തെ വലം വെയ്ക്കുകയായിരിക്കും.

ലഹരി മരുന്നിന്റെ ഉപയോഗത്താല്‍ വിഭ്രാന്മക അനുഭൂതികളിലേക്ക് ആണ്ടുപോകുന്ന ഒരാളുടെ അനുഭവ പ്രപഞ്ചമല്ലിത്.വിചിത്രവും അസംഭാവ്യവുമായി തോന്നാമെങ്കിലും ആധുനിക ശാസ്ത്രം പറയുന്നത് ഇതാണ്.പ്രപഞ്ച ഘടനാ ശാസ്ത്രം ഇതിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. ഏറ്റവും ലളിതവും പരക്കെ അംഗീകരിക്കപ്പെട്ടതുമായ പ്രപഞ്ച മാതൃക പറയുന്നത് നിങ്ങളുടെ ഈ അപരന്‍ 10^10^28മീറ്റര്‍ (10 to the power of 10 to the power of 28) അകലത്തിലുള്ള വേറൊരു ജോഡി ഗാലക്സിയില്‍ ഉണ്ട് എന്നു തന്നെയാണ്.

ഇത് ഒരു വന്‍ അകലം തന്നെ ആണെങ്കിലും ഇതൊരു അയഥാര്‍ത്ത സങ്കല്‍പ്പമോ, നിങ്ങളുടെ അപരന്‍ ഒരു സങ്കല്‍പ്പ സൃഷ്ടിയോ അല്ല. സംഭാവ്യതാസാധ്യതാ സിദ്ധാന്തത്തിന്റെ (Elementery probablity തിയറിയുടെ )വളരെ സൂക്ഷ്മവും വ്യക്തവുമായ ഒരു നിഗമനം.

ആ‍ധുനിക ജ്യോതിശാസ്ത്ര കണക്കുകള്‍ പറയുന്നത് സ്പേസ് അനന്തമാണെന്നാണ്.അതില്‍ ദ്രവ്യത്തിന്റെ വ്യാപീകരണം ഒരേ പോലെയാണന്നും.അനന്തമായ സ്ഥല രാശിയില്‍ ഏതൊരു അസാദ്ധ്യമായ സംഭവം പോലും എവിടെയെങ്കിലും നടന്നിരിക്കുമെന്നാണ്. അങ്ങ് മനുഷ്യവാസ യോഗ്യമായ അനന്തം ഗ്രഹങ്ങളും അവയില്‍ നിങ്ങളെപ്പോലെ തന്നെ ,അതേ പേരില്‍ അതേ ഒര്‍മ്മകളോടെ, അനേകം വ്യക്തികള്‍ നിങ്ങളുടെ ജീവിതരാശിയിലെ എല്ലാ സാധ്യതകളുടേയും (every permutation of your life choices) വേഷങ്ങള്‍ ആടി ജീവിക്കുന്നുണ്ടാകണം.

നിങ്ങളൊരിക്കലും നിങ്ങളുടെ അപരനെ കണ്ടുമുട്ടാനിടയില്ല.നമ്മുടെ ദൃഷ്ടിക്ക് കാണാനാവുന്നതിന്റെ ഏറ്റവും കൂടിയ അകലങ്ങള്‍ ഇപ്പോള്‍ കണക്കാക്കപ്പെടുന്നത്, 4 x 10^26 മീറ്ററാണ് (4 x 10 to the power of 26 mts). ഇത് പ്രപഞ്ച്ചൊല്‍‍പ്പത്തിയുടെ തുടക്കമായ അതിവികാസത്തിന് ( Big Bang) ശേഷമുള്ള പതിനാല് ബില്യന്‍ വര്‍ഷങ്ങള്‍ കൊണ്ട് പ്രകാശ കണിക ആകെ സഞ്ചരിച്ച ദൂരമാണ്.ഇതാണ് നമുക്ക് അനുഭവവേദ്യമായ പ്രപഞ്ചം.അപ്പോള്‍ നാം പറയുന്ന അപരന്റെ ലോകവും ഇതേ അളവുകളില്‍ ഇതുപോലെ തന്നെ പരിണമിച്ചുണ്ടായ ഒരു ലോകമാണ്. ഇതാണ് സങ്കല്‍പ്പിക്കാവുന്നതില്‍ ഏറ്റവും ലളിതമായ ഒരു സമാന്തര പ്രപഞ്ചം.ഒരോ പ്രപഞ്ചവും ആത്യന്തികമായി ബഹുപ്രപഞ്ചത്തിന്റെ ചെറു അംശം മാത്രം.

ഇങ്ങനെയുള്ള ഒരു സങ്കല്‍പ്പം വെറും അതിഭൌതികവാദമാണ് എന്ന് വിചാരിച്ചേക്കരുത്. അതിഭൌതികമോ ഭൌതികമോ എന്നത്, അത് എത്രമാത്രം വിചിത്രമാണെന്നുള്ളതല്ല, മറിച്ച് ആശയം പരീക്ഷണ- നിരീക്ഷണ വിധേയമാക്കാമോ എന്നുള്ളതാ‍ണ്.ശാസ്ത്രത്തിന്റെ അതിരുകള്‍ ക്രമേണ വികസിച്ച് ഒരുകാലത്ത് അതി ഭൌതിക സങ്കല്‍പ്പം എന്ന് വിവക്ഷിച്ചിരുന്ന പല ആശയങ്ങളേയും ഉള്‍ക്കൊള്ളുകയുണ്ടായി. ഉദാഹരണങ്ങള്‍ അനവധി: ഉരുണ്ട ഭൂമി, വര്‍ത്തുളമായ സ്ഥലസങ്കല്‍പ്പം, പ്രകാശവേഗത്തൊടടുക്കുമ്പോള്‍ സമയം ക്രമേണ ചുരുങ്ങുന്നത് (time slow down), ക്വാണ്ടം സൂപ്പര്‍ പൊസിഷന്‍സ്, തമോ ഗര്‍ത്തങ്ങള്‍ (black holes) എന്നിവ. അടുത്ത കാലത്തായി ബഹുപ്രപഞ്ച-സമാന്തര പ്രപഞ്ച ആശയങ്ങളും ഈ പട്ടികയില്‍ വന്നു ചേര്‍ന്നു എന്നു കാണാം. ഇവ, പരീക്ഷണ വിധേയമായിക്കഴിഞ്ഞ ആപേക്ഷികതാ സിദ്ധാന്തം, ഊര്‍ജകണ വാദം ( quantum theory) എന്നിവയില്‍ അധിഷ്ഠിതമാണ്.
നാലു തരത്തിലുള്ള ബഹു പ്രപഞ്ചങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ ശാസ്ത്രം പറയുന്നത്. സമാന്തരപ്രപഞ്ചങ്ങള്‍ ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല, മറിച്ച് എത്ര തലത്തിലുള്ള സമാന്തര പ്രപഞ്ചങ്ങള്‍ ഉണ്ട് എന്നുള്ളതാണ് ഇപ്പോള്‍ ശാസ്ത്രത്തെ അലട്ടുന്നത്.

തുടരും....!