Wednesday, February 18, 2009

സര്‍പ്പശാപം

2007-ല്‍ വരച്ച ഈ ചിത്രം അനിലിന്റെ വരികളുമായി ചേര്‍ത്തു വായിക്കാം, അല്ലാതെയും.




സര്‍പ്പശാപം

തായമ്പക പഠിപ്പിക്കുന്നത് കാണാന്‍
ശേഖരേട്ടന്റെ വീട്ടില്‍ പോകുമ്പോഴാണ്
കണ്ടത്
വൈകുന്നേരത്തിന്റെ വെളിച്ചത്തില്‍
കശുമാവിന്‍വേരുകളെന്നു തോന്നി

കാവിനരികിലെ ഇടവഴിയില്‍
വളര്‍ന്ന പൂവാംകുരുന്നിലയ്ക്കും
കുറുന്തോട്ടിപ്പടര്‍പ്പിനുമിടയില്‍
പാതിയുടല്‍ പിരിഞ്ഞ
ഇണസര്‍പ്പങ്ങള്‍

കൈകളില്ലാതെ പുണരുക എങ്ങനെയെന്ന്
അവ കാണിച്ചു തന്നു

ഉരഗംപോല്‍ ഉടല്‍ വഴക്കമുള്ള കാപ്പിരി പെണ്ണുങ്ങള്‍
പിന്നീട് ആ ഓര്‍മ്മ കൊണ്ടുവന്നിട്ടുണ്ട്
അരയില്‍ നിന്ന് ഊരിയെടുക്കുമ്പോള്‍
ബെല്‍റ്റ് ഇണയെത്തിരയുന്നുവെന്ന്
തോന്നിയിട്ടുണ്ട്

കാലനക്കം കേട്ടാവണം
രതിയുടെ പകുതിയില്‍
ഇഴപിരിയും ഊഞ്ഞാല്‍ പോലെ
ഇണപിരിഞ്ഞ്
അവ രണ്ടു വഴിയ്ക്ക് ഇഴഞ്ഞുപോയി
വലത്തോട്ട് പോയത് പെണ്‍സര്‍പ്പമായിരുന്നോ?
ഒന്നു തിരിഞ്ഞു നിന്നതെന്തിന്?

പത്തി വിടര്‍ത്തി രോഷത്തോടെ ചീറ്റി
മഞ്ഞളും പൂവുമണിഞ്ഞ
ചിത്രകൂടക്കല്ലുകള്‍‍ക്കിടയില്‍
അത് മറഞ്ഞു

ഇണയുടെ ഉടലിന്റെ ചൂടറിയും മുന്‍പ്
എപ്പോഴും നീ ചുറ്റഴിഞ്ഞെറിയപ്പെടട്ടേയെന്ന്
പ്രാകുകയായിരുന്നോ?

ടി.പി.അനില്‍കുമാര്‍




2 comments:

Shamsudhin Moosa said...

2007-ല്‍ വരച്ച ഈ ചിത്രം അനിലിന്റെ വരികളുമായി ചേര്‍ത്തു വായിക്കാം, അല്ലാതെയും.

പകല്‍കിനാവന്‍ | daYdreaMer said...

ചിത്രങ്ങളും അനിലന്റെ കവിതയും ഇഷ്ടമായി...