Sunday, May 3, 2009

സമാന്തര പ്രപഞ്ചങ്ങള്‍ - തുടര്‍ച്ച






ഊര്‍ജ്ജകണവാദം (quantummechanics)ശരിയാണെന്നു തെളിയിക്കപ്പെട്ടിട്ടുള്ളതുകൊണ്ട്, അതിന്റെ പ്രധാനപ്പെട്ട ഉള്‍ക്കാഴ്ച്ചയായ സമാന്തര പ്രപഞ്ചസിദ്ധാന്തവും ശരിയെന്നു അംഗീകരിക്കേണ്ടി വരും!

ശാസ്ത്രലോകത്തുപോലും നാം പ്രധാനപ്പെട്ട പല ശാസ്ത്ര ഉള്‍ക്കാഴ്ച്ചകളെയും ആദ്യം അവഗണിക്കും ,പിന്നീട് രൂ‍ക്ഷമായി വിമര്‍ശിക്കും. അവസാനം നിവൃത്തിയില്ലാതെ വരുമ്പോള്‍ വളരെ പ്രശസ്തമെന്നു പറഞ്ഞ് വീണ്ടും മാറ്റിവെക്കും. ഹ്യൂഗ് എവറെറ്റിന്റെ ബഹുപ്രപഞ്ച തിയറിക്ക് സംഭവിച്ചതും ഇതു തന്നെയല്ലെ?

1957- ല്‍ പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയില്‍ ജോണ്‍ ആര്‍ച്ചിബാള്‍ഡ് വീലറിനു കീഴില്‍, ബിരുദ പഠനകാലത്ത് അവതരിപ്പിച്ച ‘ഊര്‍ജ്ജകണവാദത്തിന്റെ ബഹുപ്രപഞ്ച വ്യാഖ്യാനം” എന്ന പ്രപന്ധം 52 വര്‍ഷത്തിനുശേഷവും ശസ്ത്രലോകത്തെ ആകമാനം ഉലക്കുകയാണ്. ജോണ്‍ വീലര്‍ അന്ന് അത് മാറ്റി വെച്ചില്ലായിരുന്നു എങ്കില്‍ ഇന്ന് നമ്മുടെ യാഥാര്‍ഥ്യ സങ്കല്‍പ്പം തന്നെ മാറുമായിരുന്നില്ലെ?!

ഊര്‍ജ്ജകണവാദം പ്രപഞ്ചത്തിന്റെ അവസ്ഥയെ നിര്‍വചിക്കുന്നത് ക്ലാസ്സിക്കല്‍ രീതിയിലല്ല.( അതായത്, കണികകളുടെ വേഗത, സ്ഥാനം എന്നിവയുടെ അടിസ്ഥാനത്തില്‍), മറിച്ച് നിരന്തരമായി പരിണമിക്കുന്ന wave function എന്ന അമൂര്‍ത്ത ഗണിത രൂപത്തില്‍ അധിഷ്ഠിതമാണത്.

“വേവ് ഫങ്ഷന്‍” എന്ന ഈ ഗണിതരൂപം സമയം എന്ന മാനത്തില്‍ തികച്ചും നിയതമായ ഗതിയില്‍ പരിണമിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ നിയതം എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാരണം നാം സമാന്യമായി ഊര്‍ജ്ജകണവാദത്തെ മനസ്സിലാക്കുന്നത്, അതില്‍ അന്തര്‍ലീനമായിരിക്കുന്ന ആകസ്മികത,അനിശ്ചിതത്വം എന്നിവയെ അടിസ്ഥാനമാക്കിയാണ്.എന്നാല്‍ വേവ് ഫങ്ഷന്‍ ഇതള്‍ വിടര്‍ത്തുന്നതില്‍ യാതൊരു യാദൃശ്ചികതയോ, അനിശ്ചിതത്വമോ ഇല്ല തന്നെ! അത് പൂര്‍ണതയിലേക്ക് അഭിന്നമായി മുന്നേറുന്നു. ഇത് അനന്ത മാനങ്ങളുള്ള “ ഹില്‍ബെര്‍ട്ട് സ്പേസ്”എന്ന അമൂര്‍ത്ത സ്ഥലരാശിയിലേക്കാണ് വിലയിക്കുന്നത്! പക്ഷേ പല‍പ്പോഴും നമുക്ക് അനുഭവവേദ്യമായ ലോകാനുഭവങ്ങളുമായി ഒരു തരം സംഘട്ടനത്തിലാണ് ഈ വേവ് ഫങ്ഷന്‍ എന്നു കാണാം. സധാരണ യുക്തിക്ക് യോജിക്കാത്ത പലതും ഇതു മുന്നോട്ടു വെക്കുന്നുണ്ട്.

ഉദാഹരനത്തിനു “ഷോഡിങ്ഗറുടെ പൂച്ച” എന്ന പ്രതിഭാസത്തെ എടുക്കുക. നിരീക്ഷണവേദിക്ക് മറുപുറമുള്ള ഒരു പൂച്ച ഒരേ സമയം മരിച്ചും ജീവിച്ചും ആണ് ഇരിക്കുന്നതെന്ന് അനുമാനിക്കപ്പെടുന്നു. Super position എന്ന ഈ ഇരട്ട യാഥാര്‍ഥ്യത്തെ നമ്മുടെ യുക്തിയും സഹജാവബോധവും എങ്ങനെയാണ് ഉള്‍ക്കൊള്ളുക. യാഥാര്‍ഥ്യത്തിന്റെ സ്വഭാവം ചെറിയ അളവിലെങ്കിലും ഉള്‍ക്കൊള്ളുവാന്‍ മനുഷ്യമനസ്സിന് സാധിക്കുന്നുണ്ടെങ്കില്‍ അതിന് നിദാനമായിരിക്കുന്നത് ഗണിതശാസ്ത്രം, ഊര്‍ജ്ജതന്ത്രവിചാരം എന്നിവ നല്‍കുന്ന ധാരണകളാണ്.

രണ്ട് അവസ്ഥകള്‍ ഒരേസമയം ഒന്നിനുമീതെ ഒന്നായി ഇരിക്കുന്ന (super position od states) ഈ വിചിത്ര ശാസ്ത്ര സങ്കല്‍പ്പം ഉള്‍ക്കൊള്ളുക അല്‍പ്പം ബുദ്ധിമുട്ടു തന്നെ. ഈ പ്രതിസന്ധി മറികടക്കുവാനാണ് 1920ല്‍ “കോപ്പന്‍ ഹേഗന്‍ തിയറി“ എന്നറിയപ്പെടുന്ന ഒരു വിചിത്രമായ ഏച്ചുകെട്ടല്‍ വേണ്ടി വന്നത്. വിശദമാക്കാം: ഒരാള്‍ ഒരു നിരീക്ഷണം നടത്തുമ്പോള്‍ വേവ് ഫങ്ഷന്‍ ചുരുങ്ങി ഒരു ക്ലാസ്സിക്കല്‍ യാഥാര്‍ഥ്യം സംവേദനവേദ്യമാകും എന്ന വിശദീകരണം. പക്ഷേ, ഈ ശാസ്ത്രഞ്ന്മാര്‍ക്ക് wave function collapse എങ്ങനെ ഉണ്ടാവുന്നു എന്ന് ഗണിതസിദ്ധാന്തത്തില്‍ അധിഷ്ഠിതമായിസര്‍ത്ഥിക്കുവാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് ഏച്ചുകെട്ടല്‍ എന്ന് നേരത്തെ സൂചിപ്പിച്ചത്. എന്താണ് നിരീക്ഷണം (observation) എന്നതുപോലും വിശദീകരിക്കുവാന്‍ സാധിക്കുന്ന ഒരു ഗണിത സൂത്രവാക്യം ആര്‍ക്കും വശമല്ല.

എവറെറ്റിന്റെ സിദ്ധാന്തത്തിന്റെ പ്രസക്തി ഇവിടെയാണ്. ഇയാളുടെ സിദ്ധാന്തം വളരെ ലളിതമാണ് പക്ഷേ അതിന്റെ വ്യംഗ്യം അതി സങ്കീര്‍ണവും. എവറെറ്റിന്റെ സിദ്ധാന്തം പറയുന്നത്, ഷോഡിങ്ഗറുടെ വേവ് ഫങ്ഷന്‍ സമവാക്യം എപ്പോഴും ശരിയാണെന്നുതന്നെയാണ്. അതായത് വേവ് ഫങ്ഷന്‍ ഒരിക്കലും ചുരുങ്ങുന്നില്ല എന്ന്.

ഇത് പ്രവചിക്കുന്നത് - ഒരു ക്ലാസ്സിക്കല്‍ യാഥാര്‍ഥ്യത്തെ വിവരിക്കുന്ന ഒരു വേവ് ഫങ്ഷന്‍ ക്രമേണ പരിണമിച്ച് വേറൊരു വേവ് ഫങ്ഷനില്‍ എത്തുകയും അത് ഇത്തരത്തിലുള്ള വേറെ ക്ലാസ്സിക്കല്‍ യാഥാര്‍ഥ്യങ്ങളുടെ പല അടരുകള്‍ ഉണ്ടാക്കുകയും ചെയ്യും എന്നാണ്. ഇതാണ് ബഹുപ്രപഞ്ചങ്ങള്‍( സമാന്തരലോകങ്ങള്‍)

പക്ഷേ, ഒരോ ഉരുത്തിരിഞ്ഞ ലോകത്തിലേയും നിരീക്ഷകര്‍ അവരവരുടെ ലോകത്തെ മാത്രം ഗ്രഹിക്കുകയും അത് അവരുടെ സംഭാവ്യതാസാധ്യതാസിദ്ധാന്തം നിര്‍വചിക്കുന്ന തരത്തിലുള്ള വെറുമൊരു ആകസ്മികതയായി ഗണിക്കുകയും ചെയ്യും......


തുടരും.....

(വേറെ എവിടെയോ ഇത് തുടരുന്നുണ്ട്...!)

ഒരു F A Q ഇവിടെ ഞെക്കുക